തിരുവനന്തപുരം: തിരുവനന്തപുരത്ത് നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിൽ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) അന്വേഷണം ഉടൻ ആരംഭിക്കും. യു.എ.പി .എ ചുമത്തിയാണ് എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്യുക.
കേസിലെ മുഖ്യപ്രതിയായി സംശയിക്കുന്ന സ്വപ്ന സുരേഷിന്റെ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.സ്വർണ കള്ളക്കടത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകണമെന്നാണ് സ്വപ്നയുടെ ഹർജിയിലെ ആവശ്യം. അതേസമയം, സ്വപ്നയുടെ സാന്നിധ്യമുണ്ടായിരുന്ന സർക്കാർ പരിപാടികളെക്കുറിച്ചും അന്വേഷണം നടത്തിയേക്കുമെന്നാണ് സൂചന.
സ്വപ്‌ന സുരേഷിനുള്ള നയതന്ത്ര, രാഷ്ട്രീയ സ്വാധീനം ഭീകരബന്ധമുള്ള മാഫിയ ഉപയോഗപ്പെടുത്തിയെന്നാണ് ഇന്റലിൻസ് വിവരം. അടുത്തിടെ എൻ.ഐ.എയ്‌ക്ക് നിയമഭേദഗതിയിലൂടെ കൈവന്ന അധികാരമുപയോഗിച്ച് കള്ളക്കടത്തിന്റെ വിദേശ ബന്ധങ്ങളും അന്വേഷിക്കാനാകും. അതേസമയം, കേസിൽ നിലവിലെ കസ്റ്റംസ് അന്വേഷണം തുടരും. എൻ.ഐ.എ പ്രത്യേക കോടതിയിൽ പുതിയ എഫ്.ഐ.ആർ സമർപ്പിച്ചതിനു ശേഷം, അതിൽ കസ്‌റ്റംസ് ആക്ട‌് അനുസരിച്ചുള്ള വകുപ്പുകളും ചേർക്കും
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ വിവരങ്ങൾ നേരിട്ട് വിശലകനം ചെയ്യുന്നുണ്ട്. നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടത്തിയത് സംബന്ധിച്ച് ഡോവൽ യു.എ.ഇ അധികൃതരുമായി സംസാരിച്ചിരുന്നു.