atm

കൊല്ലം : കൊവിഡ് രോഗബാധയില്‍ സമൂഹവ്യാപനത്തിന്റെ വക്കിലാണ് കേരളം ഇപ്പോള്‍. ബ്രേക്ക് ദ ചെയിന്‍ പദ്ധതി ആദ്യഘട്ടത്തിന് ശേഷം സംസ്ഥാനത്തിന്റെ മിക്ക സ്ഥലങ്ങളിലും നിര്‍ജ്ജീവമായ അവസ്ഥയിലാണ്. ഇതിനിടെ ഞെട്ടിപ്പിക്കുന്ന ഒരു കണ്ടെത്തലാണ് കൊല്ലത്തെ കല്ലുവാതുക്കലില്‍ ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇവിടെ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് എ ടി എമ്മില്‍ നിന്നുമാണെന്നാണ് നിഗമനം. ഉറവിടമറിയാതെ രോഗബാധിതരായവരെ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. ഉറവിടം അറിയാതിരുന്ന 166 രോഗികളെക്കുറിച്ചാണ് പഠനം നടത്തിയത്.

കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ ആശാവര്‍ക്കറിന് കൊവിഡ് പിടിപെട്ടിരുന്നു, ഇവിടെയുള്ള ഒരു കൊവിഡ് രോഗി സന്ദര്‍ശിച്ച എ ടി എമ്മില്‍ ആശാപ്രവര്‍ത്തക സന്ദര്‍ശിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഇതേ എ ടി എമ്മിലെത്തിയ മറ്റൊരു വ്യക്തിക്കും കൊവിഡ് പിടിപെട്ടതായി കണ്ടെത്തി. ഇയാളുടെ ഭാര്യക്കും മകനും കൊവിഡ് പിടിപെട്ടിട്ടുണ്ട്.


എ ടി എമ്മിലെ വായുസഞ്ചാരം കുറഞ്ഞ സ്ഥലത്ത് നിന്നും വൈറസ് വ്യാപനത്തിനുള്ള സാദ്ധ്യത കൂടുതലാണ്. എ ടി എം മെഷീനിലെ ടച്ച് പാഡില്‍ കൂടുതല്‍ നേരം വൈറസിന് തങ്ങിനില്‍ക്കാനാവും. എ ടി എമ്മുകളുടെ പുറത്ത് സാനിറ്റൈസര്‍ ലഭ്യമാണെങ്കിലും പലരും ഉപയോഗിക്കാന്‍ താത്പര്യം കാട്ടാറില്ല. ശ്രദ്ധിക്കുക എ ടി എമ്മില്‍ പോകുമ്പോള്‍ കാര്‍ഡിനൊപ്പം സാനിറ്റൈസറും കരുതുക.