തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ നോക്കി ഉന്നതരെ കണ്ടെത്താനുള്ള കസ്റ്റംസ് നീക്കത്തിന് തിരിച്ചടി. കസ്റ്റംസ് ദൃശ്യങ്ങൾ ആവശ്യപ്പെട്ട വിമാനത്താവള പരിസരത്ത് പൊലീസിന് ക്യാമറയില്ല. ആവശ്യമുള്ള സ്ഥലത്ത് നിന്ന് അര കിലോമീറ്റർ അകലെ മുതലാണ് ക്യാമറയുള്ളത്. മൂന്ന് മാസത്തിനിടയിലെ ആറ് പ്രത്യേക ദിവസത്തെ ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്. കൈവശമുള്ള ദൃശ്യങ്ങൾ നൽകാമെന്ന് പൊലീസ് കസ്റ്റംസിനെ അറിയിച്ചു.
നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണി സന്ദീപ് നായരാണെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. ആറുമാസത്തിനിടെ ഏഴുതവണ സ്വര്‍ണം കടത്തി. സരിത് മൂന്നാംകണ്ണി മാത്രമെന്നും കസ്റ്റംസ് വിലയിരുത്തുന്നു. കസ്റ്റംസ് പരിശോധിക്കാന്‍ സാദ്ധ്യതയില്ലാത്ത തരത്തില്‍ സ്വര്‍ണം കടത്താനുള്ള പദ്ധതിയും സന്ദീപിന്‍റേതായിരുന്നുവെന്നാണ് കണ്ടെത്തല്‍.
അതേസമയം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്താനാണ് നിർദ്ദേശം. സ്വർണ്ണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാനായി കസ്റ്റംസിൽ ഇയാൾ സമ്മർദ്ദം ചെലുത്തിയിരുന്നു. എയർ കാർഗോ അസോസിയേഷൻ ഇന്ത്യ നേതാവാണ് ഹരിരാജ്.