ഹൈദരാബാദ് : ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ തിരുപ്പതി ദേവസ്ഥാനത്തെ ചെയര്‍മാന്‍ വീണ്ടും വിവാദത്തില്‍. ആന്ധ്രാപ്രദേശ് മുന്‍ എം പിയായ വൈ പി സുബ്ബറെഡ്ഡിയുടെയും കുടുംബത്തിന്റെയും
വിശ്വാസത്തെ ചൊല്ലിയാണ് വിവാദം കനക്കുന്നത്. ആന്ധ്ര മുഖ്യമന്ത്രി വൈ. എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ പിതാവും അന്തരിച്ച മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ് രാജശേഖര്‍ റെഡ്ഡിയുടെ എഴുപത്തിയൊന്നാം ജന്മദിന ചടങ്ങില്‍ തിരുപ്പതി ദേവസ്ഥാനം ചെയര്‍മാനും കുടുംബവും പങ്കെടുത്തിരുന്നു. ഈ ചടങ്ങില്‍ പങ്കെടുക്കവേ കൈയ്യില്‍ ബൈബിളുമായി ദേവസ്ഥാനം ചെയര്‍മാന്റെ ഭാര്യ സ്വര്‍ണലത പങ്കെടുത്തു എന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
തിരുപ്പതി ദേവസ്ഥാനം ചെയര്‍മാനായി സുബ്ബറെഡ്ഡി അധികാരമേറ്റപ്പോഴും അദ്ദേഹത്തിന്റെ മതവിശ്വാസത്തെ കുറിച്ച് ആരോപണം ഉയര്‍ന്നിരുന്നു. അന്ന് ആരോപണങ്ങളെയെല്ലാം അദ്ദേഹം നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ കുടുംബത്തോടൊപ്പം ബൈബിളുമായി ക്രിസ്ത്യന്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ വന്നതോടെയാണ് ചെയര്‍മാന്‍ വീണ്ടും വിവാദങ്ങളിലേക്കെത്തിയത്. തിരുപ്പതി ദേവസ്ഥാനം ചെയര്‍മാന്‍ ഹിന്ദുമതത്തെ അപമാനിക്കുന്നുവെന്നും, തിരുപ്പതി ദേവസ്ഥാനത്തിന്റെ ചുമതലയുള്ളയാളുടെ ഭാര്യ എങ്ങനെയാണ് കൈയില്‍ ബൈബിളേന്തി, പ്രാര്‍ത്ഥനാ വാക്യങ്ങള്‍ ഉരുവിടുന്നതെന്നും ജനസേന പാര്‍ട്ടിയുടെ വക്താവ് ചോദിക്കുന്നു.
ചെയര്‍മാനെതിരെ നടപടിയെടുക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. അടുത്തിടെ കൊവിഡുമായി ബന്ധപ്പെട്ട് ലോക്ഡൗണില്‍ തിരുപ്പതിയില്‍ ഭക്തരെ വിലക്കിയ സമയത്ത് പിറന്നാള്‍ ദിനത്തില്‍ ചെയര്‍മാന്‍ ക്ഷേത്രത്തില്‍ ആരാധന നടത്തിയതും വിവാദമായിരുന്നു.