tennis

ചണ്ഡിഗഡ്: ഇത് ഒരു അച്ഛന്റെ പോരാട്ടമാണ്. തന്റെ ഓമന മകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയവർ സ്വാധീനവും അധികാരത്തിന്റെ തണലും ഉപയോഗിച്ച് രക്ഷപെടുന്നത് കണ്ട് മനോധൈര്യവും ആത്മവിശ്വാസവും കൈവിടാതെ ആ ക്രൂരന്മാരെ തിരികെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷ വാങ്ങി നൽകിയ ധൈര്യശാലിയായ ഒരു അച്ഛന്റെ പോരാട്ടം. ചണ്ഡിഗഡിലാണ് സംഭവം. സ്ഥലത്തെ പ്രധാനപ്പെട്ട ഒരു ടെന്നീസ് അക്കാദമിയിൽ ട്രെയിനിയായ പെൺകുട്ടിയെ അഞ്ചുപേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. ഇതിൽ ഒരാൾ ജൂനിയർ ഡെവിസ് കപ്പ് താരവുമാണ്.

കേസ് കോടതിയിൽ എത്തിയപ്പോൾ കേസന്വേഷിച്ച ചണ്ഡിഗഡ് പൊലീസ് സംഭവ സമയത്ത് പ്രതികൾക്ക് പ്രായപൂർത്തിയായിട്ടില്ല എന്ന് റിപ്പോർട്ട് നൽകി. അതോടെ പ്രതികൾക്ക് വളരെ എളുപ്പം ജാമ്യവും ലഭിച്ചു. നീതി ലഭിക്കും എന്ന് കരുതിയിടത്ത് നിന്നും അനീതിയാണ് ഉണ്ടായതെന്ന് കണ്ട് ആ അച്ഛൻ തളർന്നില്ല. പ്രതികൾ പഠിച്ചിരുന്ന ഹരിയാനയിലെ സ്‌കൂളുകളിൽ പോയി അവരുടെ യഥാർത്ഥ സർട്ടിഫിക്കറ്റ് അദ്ദേഹം സംഘടിപ്പിച്ചു. ആ സർട്ടിഫിക്കറ്റുകൾ പ്രകാരം പ്രതികൾക്കെല്ലാം പ്രായപൂർത്തിയായിരുന്നു. തുടർന്ന് അവ കോടതിയിൽ ഹാജരാക്കി. പ്രതികളിലൊരാൾക്കും അയാളുടെ പ്രായം തിരുത്താൻ സഹായിച്ച അയാളുടെ അച്ഛനും എതിരെ കേസെടുക്കപ്പെട്ടു.

ഇതിനിടെ പ്രതികളിലൊരാളെ മർദ്ദിച്ചു എന്ന പേരിൽ പെൺകുട്ടിയുടെ അച്ഛനെതിരെ ഹിസാർ പൊലീസ് കേസെടുത്തിരുന്നു. മറ്റ് പ്രതികൾക്കെതിരെയുള‌ള നടപടികൾ കൊവിഡ് മൂലം വൈകുകയാണ്. എങ്കിലും പ്രതീക്ഷ കൈവിടാതെ മകൾക്ക് നീതി ലഭിക്കാനുള‌ള പോരാട്ടത്തിലാണ് ആ അച്ഛൻ.