ജയറാമും മകൻ കാളിദാസും
സിനിമാ - കുടുംബവിശേഷങ്ങൾ പങ്കുവയ്ക്കുന്നു
മുപ്പത്തിരണ്ടുവർഷം മുൻപ് ഒരു മേയ് 12നാണ് ജയറാമിന്റെ ആദ്യ ചിത്രമായ അപരൻ റിലീസ് ചെയ്തത്.
''വിഷുവിന് റിലീസ് ചെയ്യേണ്ടതായിരുന്നു. പിന്നീട് മേയ് മാസത്തിലേക്ക് മാറ്റി. അപരനിൽ പത്മരാജന്റെ അസോസിയേറ്റായിരുന്ന സുരേഷ് ഉണ്ണിത്താന്റെ കല്യാണവും അന്നായിരുന്നു. തിരുവനന്തപുരത്ത് അജന്താ തിയേറ്ററിലായിരുന്നു അപരന്റെ റിലീസ്. ടെൻഷൻ കാരണം ആദ്യ ഷോ കാണാതെ ഞാൻ പത്മരാജൻ സാറിന്റെ വീട്ടിൽ തന്നെയിരുന്നു. മൊബൈൽ ഫോണൊന്നുമില്ലാത്ത കാലമാണ്. ആദ്യ ഷോ കഴിഞ്ഞപ്പോൾ പത്മരാജൻ സാറിന്റെ വീട്ടിലെ ലാൻഡ് ഫോണിലേക്ക് കാൾ വന്നു.
''ങാ. ആണോ ശരി..."" ഫോണെടുത്ത് പത്മരാജൻ സാർ ഗൗരവത്തിൽ പറഞ്ഞു. ടെൻഷനടിച്ചിരുന്ന എന്നോട് ഫോൺ വച്ച ശേഷം പത്മരാജൻ സാർ പറഞ്ഞു: ടാ....പടത്തെക്കുറിച്ച് ഗംഭീര അഭിപ്രായമാണ്, നിന്നെക്കുറിച്ചും.""
ആദ്യ സിനിമയുടെ റിലീസിന്റെ തലേ ദിവസം അപ്പ അനുഭവിച്ച ടെൻഷന്റെ നൂറിലൊന്ന് പോലും തനിക്കില്ലായിരുന്നുവെന്ന് പതിവ്ചിരിയോടെ കാളിദാസ് പറഞ്ഞു.
''സിനിമയ്ക്കകത്തും പുറത്തുമുള്ള ഒരുപാട് പേരുടെ ഫോൺകാളുകൾ വന്നു. എല്ലാവരും സപ്പോർട്ട് ചെയ്യുന്നുവെന്നറിഞ്ഞപ്പോൾത്തന്നെ സന്തോഷം തോന്നി. അതുവരെയുണ്ടായിരുന്ന ടെൻഷനെല്ലാം പോയി. ഇത്രയും പേർ എന്നെ സപ്പോർട്ട് ചെയ്യാനുണ്ടല്ലോയെന്ന ധൈര്യം മനസിൽ വന്നു.""
ആദ്യഷോ തുടങ്ങി സ്ക്രീനിൽ കണ്ണനെ കാണിച്ചപ്പോൾ മുതൽ പാർവതിയുടെയും ജയറാമിന്റെയും കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.''തമിഴിൽ ഞാൻ നായകനായഭിനയിച്ച രണ്ട് പടവും ആദ്യ ഷോ കാണാൻ പറ്റിയില്ല. മിക്ക പടവും തിയേറ്ററിൽ പോയി ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാറുള്ള ഞാൻ ആദ്യമായാണ് എന്റെ ഒരു സിനിമയുടെ റിലീസ് ഷോ കണ്ടത്. കലോത്സവവുമായി ബന്ധമുള്ളവരെയാണ് പൂമരം കൂടുതൽ സ്പർശിച്ചത്.
ആക്ഷൻ ഹീറോ ബിജു കണ്ട് കഴിഞ്ഞ് അഭിനന്ദനം അറിയിക്കാൻ കാളിദാസ് സംവിധായകൻ എബ്രിഡ് ഷൈനിന് ഫോൺ ചെയ്തു.
''ഒരു കഥയുണ്ട്.നീയൊന്ന് കേട്ട് നോക്ക്."" പിന്നീട് ഷൈൻ കാളിദാസിനെ വിളിച്ചു.
കാമ്പസ് പശ്ചാത്തലത്തിലുള്ള ആ കഥകേട്ടപ്പോൾ കാളിദാസ് എബ്രിഡ് ഷൈനിനോട് പറഞ്ഞു: ''ചേട്ടാ... എനിക്ക് കേരളത്തിലെ കാമ്പസുമായി ഒരു ബന്ധവുമില്ല. എന്നെ സെലക്ട് ചെയ്തിട്ട് ഒടുവിൽ പെട്ടുവെന്ന് തോന്നരുത്.""
''ഒരു കുഴപ്പവുമില്ല. നീയിങ്ങ് കേറിവാ..."" എബ്രിഡ് ഷൈൻ കാളിദാസിന് ഉറപ്പ് കൊടുത്തു.
മഹാരാജാസിന്റെ കാമ്പസിലും അല്ലാതെയുമായി ഒന്നൊന്നര മാസം നീണ്ടുനിന്ന റിഹേഴ്സൽ.
''എന്താണ് മഹാരാജാസെന്നും അതിന്റെ പാരമ്പര്യമെന്തെന്നും പഠിച്ചു. മഹാരാജാസിലെ കോളേജ് യൂണിയൻ ചെയർമാൻ നാസിൽ ഒപ്പമുണ്ടായിരുന്നു. ഗൗതമൻ എന്ന കോളേജ് യൂണിയൻ ചെയർമാനെ ഞാൻ ഗംഭീരമായി അവതരിപ്പിച്ചുവെന്നാണ് പടം കണ്ട് അപ്പ പറഞ്ഞത്. അമ്മയ്ക്ക് പിന്നെ ഞാൻ എന്തു ചെയ്താലും ഇഷ്ടമാണ് (ചിരി). സിനിമ കണ്ടിട്ട് മഹാരാജാസിലെ പിള്ളേരൊക്കെ പറഞ്ഞത് ശരിക്കും ചെയർമാനെ കണ്ടത് പോലെയുണ്ടെന്നാണ്. എത്രയോ ചെയർമാന്മാരെ കണ്ട അവർ അത് പറഞ്ഞതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ കോംപ്ളിമെന്റ്.
''എനിക്ക് തോന്നിയ ഒരു കാര്യമുണ്ട്. താരങ്ങളുടെ മക്കളെ നായകന്മാരായി സിനിമയിൽ അവതരിപ്പിക്കുന്നഒരു പതിവ് രീതിയുണ്ട്.കോളറാക്കെ പൊക്കിപ്പിടിച്ച് ഫസ്റ്റ് ഇൻട്രൊ... നമ്മളെ രക്ഷപ്പെടുത്താൻ എപ്പോ വരുമെന്ന് ആശങ്കപ്പെടുന്ന സമയത്ത് കൃത്യമായ എൻട്രി. പിന്നെയൊരു ഫൈറ്റ്, പാട്ട്, പ്രേമം. സ്വിറ്റ്സർലൻഡിൽ ഡ്യൂയറ്റ്. അന്യഭാഷകളിൽ അതാണ് ഫോർമുല.""
''അങ്ങനെയല്ലാത്ത ഒരു സിനിമ എനിക്ക് വേണം അപ്പാ എന്നായിരുന്നു ഞാൻ എപ്പോഴും പറയാറുണ്ടായിരുന്നത്."" ഡ്രസ് ചെയ്ഞ്ച് കഴിഞ്ഞ് കാളിദാസ് വീണ്ടും വന്നു.
കണ്ണന്റെ നിഷ് കളങ്കതയായിരിക്കാം എല്ലാവരും കണ്ണനെ ഇഷ്ടപ്പെടാനും സപ്പോർട്ട് ചെയ്യാനും കാരണമെന്ന് പറഞ്ഞപ്പോൾ ജയറാമിന്റെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു.''പണ്ട് കൊച്ചു കൊച്ചു സന്തോഷങ്ങളിൽ ഇവൻ അഭിനയിച്ചതെങ്ങനെയാണെന്നറിയാമോ?"" കണ്ണനെ നോക്കി ജയറാം ചോദിച്ചു.''കൊച്ചു കൊച്ചു സന്തോഷങ്ങളിൽ ആദ്യമഭിനയിക്കാൻ വന്ന പയ്യൻ ശരിയായില്ല. അപ്പോൾ കെ.പി.എ.സി ലളിതച്ചേച്ചിയാണ് എന്താ കണ്ണനെ അഭിനയിപ്പിച്ചാലെന്ന് ചോദിക്കുന്നത്. ഇവൻ സത്യേട്ടനോട് (സത്യൻ അന്തിക്കാട്) അങ്കിൾ ഞാൻ അഭിനയിക്കാമെന്ന് പറയുകയും ചെയ്തു.
കണ്ണൻ അന്ന് ഒന്നാം ക്ളാസിലാണ് പഠിക്കുന്നത്. സത്യേട്ടൻ പറഞ്ഞതൊക്കെ ഇവൻ പടപടേന്ന് ചെയ്തു. ചെന്നൈയിൽ പ്രിയദർശന്റെ ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിലായിരുന്നു ഡബ്ബിംഗ്. എന്റെ മടിയിലിരുന്നാണ് കണ്ണൻ ആദ്യം ഡബ്ബ് ചെയ്തത്. ഇതിനിടയിൽ സത്യേട്ടൻ എന്നോട് പറഞ്ഞു: ജയറാം ഒന്ന് വീട്ടിലേക്ക് പോകാമോ? വെറുതേ അവനെ ഓരോന്ന് പറഞ്ഞ് ടെൻഷനടിപ്പിക്കാതെ.വൈകിട്ട് വരാമെന്ന് പറഞ്ഞിറങ്ങിയ എന്നെ മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോ സത്യേട്ടൻ വിളിച്ചു. ഡബ്ബിംഗ് കഴിഞ്ഞു. ആളിവിടെയിരുപ്പുണ്ട്. കൊണ്ടുപൊയ്ക്കോ.""
കണ്ണന്റെ കഴിവിനെക്കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞപ്പോൾ ജയറാമിന്റെ മനസ് നിറഞ്ഞു.
അടുത്ത സിനിമ എന്റെ വീട് അപ്പൂന്റേം. ആ സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും കാളിദാസ് നേടി.പിന്നെയും കുറെ സിനിമകളിലേക്ക് ഓഫർ വന്നപ്പോൾ കണ്ണനോട് അമ്മ പറഞ്ഞു : ''ആദ്യം പഠിത്തം. അതുകഴിഞ്ഞ് മതി സിനിമ.""
അപ്പോൾ പാർവതിയോട് കണ്ണൻ പറഞ്ഞു:''അമ്മയുടെ കൈയിൽ ഞാനൊരു ഡിഗ്രി സർട്ടിഫിക്കറ്റ് കൊണ്ടുവന്നു തരും. അത് കഴിഞ്ഞ് എന്നോട് പഠിക്കാൻ പറയരുത്. എന്റെ പാഷൻ സിനിമയാണ്.""
ചെന്നൈയിലെ ലയോള കോളേജിലാണ് വിഷ്വൽ കമ്മ്യൂണിക്കേഷനിൽ കാളിദാസ് ബിരുദം പൂർത്തിയാക്കിയത്.അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ച കണ്ണന് ആദ്യം ഏത് സിനിമ ചെയ്യുമെന്ന ആശയക്കുഴപ്പമായിരുന്നു. അൽഫോൺസ് പുത്രന്റെ ഓഫറാണ് ആദ്യം വന്നത്. പിന്നാലെ എബ്രിഡ് ഷൈനിന്റെയും.
തൃപ്പൂണിത്തുറയിലെ ഇംപീരിയൽ ഗാർഡൻസിലെ വില്ല ജയറാം വാങ്ങിയത് ആറേഴുവർഷം മുൻപാണ്.അശ്വതിയെന്ന് പേരിട്ട ഈ വില്ലയിൽ അശ്വതി (പാർവതി) യുടെ മാതാപിതാക്കളാണ് താമസിക്കുന്നത്.അമേരിക്കൻ ശൈലിയിൽ മതിലുകളില്ലാത്ത പ്രൗഢമനോഹരമായ വില്ലകളാണിവിടെ.
ചക്കിയെന്ന മാളവിക ഇംഗ്ളണ്ടിലെ വെയിൽസിൽ കാർഡിഫ് യൂണിവേഴ്സിറ്റിയിൽ സ്പോർട്സ് മാനേജ്മെന്റ് ആൻഡ് ലീഡർഷിപ്പിൽ പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞു.''ചക്കിക്ക് സ്പോർട്സിൽ ഭയങ്കര കമ്പമാണ്. ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജിൽ ഫുട്ബാൾ ടീം അംഗമായിരുന്നു. ഇനി ഏതെങ്കിലും ടീമിന്റെ മോട്ടിവേറ്ററോ ടീച്ചറോ ഒക്കെയാകാം.
കണ്ണൻ മിമിക്രി ചെയ്യുമെന്ന കാര്യം പോലും തനിക്കറിയില്ലായിരുന്നുവെന്ന് ജയറാം പറയുന്നു.
''വീട്ടിൽ മിമിക്രി കാണിക്കുന്നത് കണ്ടിട്ടില്ല. ഞാൻ കാണിക്കാൻ പറഞ്ഞാലും കാണിക്കില്ല. ചക്കിയുടെ മുന്നിലാണ് മിമിക്രിയൊക്കെ.അപ്പാ.. അസലായിരിക്കുന്നുവെന്ന് അവൾ എന്നോട് വന്ന് പറയും."" ''പെട്ടെന്ന് ആൾക്കാരെ കൈയിലെടുക്കാൻ പറ്റുന്ന കലയാണ് മിമിക്രി. ആൾക്കൂട്ടത്തിന് മുന്നിൽ മിമിക്രി ചെയ്യുന്നതും സ്റ്റേജ് പ്രോഗ്രാം ചെയ്യുന്നതുമൊക്കെ എനിക്ക് എളുപ്പമാണ്; സിനിമയിലഭിനയിക്കുന്നതിനെക്കാൾ ""കാളിദാസ് നിഷ്കളങ്കതയോടെ പറഞ്ഞത് കേട്ടപ്പോൾ ജയറാം ശബ്ദമുയർത്തി ചിരിച്ചു.