എല്ലാത്തിനെയും പ്രണയിക്കുന്ന അനുപമ പരമേശ്വരന്റെ വിശേഷങ്ങൾ

ഏത് കാര്യത്തിലായാലും ഒരിത്തിരി 'പ്രണയം" ചേർക്കാൻ അനുപമ പരമേശ്വരൻ ഒരിക്കലും മറക്കാറില്ല. കാരണം ഒരു തരി ഇഷ്ടം പോലുമില്ലാതെ ചെയ്യുന്ന കാര്യങ്ങൾ ഹൃദയത്തോട് ചേരില്ലെന്നാണ് അനുപമയുടെ പക്ഷം.പ്രണയമെന്നാൽ രണ്ടു വ്യക്തികൾ മാത്രമുള്ള രസതന്ത്രമല്ല. അത് ജീവിതത്തിൽ എന്തിനോടുമാകാം. നമ്മളെ, നമ്മുടെ ജീവിതപരിസരങ്ങളെ, നമ്മിലേക്ക് ഒഴുകിയെത്തുന്ന എന്തിനെയും നമുക്ക് ഇഷ്ടത്തോടെ സ്വീകരിക്കാം. അങ്ങനെയാണെങ്കിൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ. ഇങ്ങനെ ഓടിയെത്തിയ ഇഷ്ടങ്ങൾ എന്തൊക്കെയാണെന്ന് അനുപമ പറയുന്നു.
പ്രണയമഴ
മഴയോടാണ്എനിക്ക് ഏറ്റവും പ്രണയം.കുട്ടിക്കാലത്ത് എന്നും മഴയോട് പിണക്കമായിരുന്നു. കാരണം മുറ്റത്തിറങ്ങാൻ അമ്മ വിടില്ല, കളിയും മുടക്കും. പിന്നെ ചെളി, പനി. സ്കൂളിൽ ഓട്ടോയിൽ പോകുമ്പോൾ അപ്പാടെ നനയും. അതുകൊണ്ട് മഴക്കാറ് കാണുമ്പോൾ വീർക്കുന്നത് എന്റെ മുഖമാണ്. മഴ പ്രണയം തുടങ്ങിയത് കോട്ടയം സി.എം.എസ് കോളേജിലെത്തിയപ്പോഴാണ്. അപ്പോൾ കുട പോലും വേണ്ട. മഴ നനഞ്ഞു കൊണ്ട് കാമ്പസ് മുഴുവൻ കൂട്ടുകാരോടൊപ്പം കറങ്ങും. അന്ന് കുട എടുക്കാൻ മനഃപൂർവം മറക്കും.
പ്രണയനഗരം
ഒരു പാട് യാത്ര ചെയ്യുന്ന ഒരാളല്ല ഞാൻ. ഇപ്പോൾ കണ്ടതിൽ എന്റെ മനസിന്റെ തൊട്ടടുത്തു നിൽക്കുന്ന സ്ഥലമാണ് ഹൈദരാബാദ്. അവിടത്തെ സംസ്കാരം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ആധുനിക നഗരമാണ്. എന്നാൽ പാരമ്പര്യത്തിന്റെ തനിമയുണ്ട്. ഹൈദരാബാദ് ജീവിതം വളരെ ആഘോഷപൂർവമുള്ളതാണ്. അവിടുത്തെ നിറപ്പകിട്ടുള്ള വളകൾ, ഭക്ഷണം, കാഴ്ചകൾ തുടങ്ങിയവയെല്ലാം ഒരു പ്രത്യേക അനുഭവമാണ്.
അവർ നമ്മളെ പോലെ വലിഞ്ഞു മുറുകി ഇരിക്കുന്നില്ല . ഓരോ നിമിഷവും ആഘോഷിക്കുന്നു. പിന്നെ അവിടുത്തെ കാലാവസ്ഥയോടും എനിക്കിത്തിരി ഇഷ്ടക്കൂടുതലുണ്ട്. നല്ല ചൂടാണ്.പക്ഷേ, ഒട്ടും വിയർക്കില്ല. മേക്കപ്പ്അതേ പോലെയിരിക്കും. ഒടുവിൽ ചെയ്ത തെലുങ്കുസിനിമയിൽ ഹെവി മേക്കപ്പായിരുന്നു. പക്ഷേ, ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല. ആറുമാസം നീണ്ട ഷൂട്ടായിരുന്നു. ഒരു മാസത്തിൽ ഒന്നോ, രണ്ടോ തവണയായി. അത്രയും കാലം കൊണ്ടാണ് ഹൈദരാബാദ് മനസിൽ കയറിയത്. ഒരുപാട് സ്ഥലങ്ങൾ കണ്ടു.ഗോൽകൊണ്ടാ ഫോർട്ട്, ബിർലാ മന്ദിർ, ഹുസൈൻ സാഗർ ലേക്ക്, ടോംബുകൾ... ഹൈദരാബാദ് പ്രേമത്തിന് പിന്നിൽ ഒരു കാരണമുണ്ട്, അതു ഞാൻ പിന്നെ പറയാം.
പ്രണയ വെള്ളിത്തിര
'റോജ" സിനിമയാണ് എന്റെ ആൾടൈം ഫേവറിറ്റ്. ആ സിനിമ റിലീസ് ചെയ്യുമ്പോൾ ഞാൻ ജനിച്ചിട്ടു പോലുമില്ല. എങ്കിൽ പോലും ഏതു കാലത്തും പ്രണയത്തോടെ കാണാൻ കഴിയുന്ന സിനിമയാണ് അതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒന്നാമത് എ.ആർ. റഹ്മാന്റെ മ്യൂസിക്ക്, രണ്ടാമത് അരവിന്ദ് സ്വാമിയും മധുബാലയും തമ്മിലുള്ള കെമിസ്ട്രി. പിന്നെ മണിരത്നം സാറിന്റെ മാജിക്കൽ മൊമന്റ്സ്.
അടുത്ത സിനിമ 'ടൈറ്റാനിക്കാ"ണ്. ആ സിനിമ ടി.വിയിൽ കാണിച്ചു തുടങ്ങുന്ന കാലം മുതലേ കുത്തിയിരുന്ന് കാണും. സ്റ്റാർ മൂവീസിൽ എത്ര തവണ കണ്ടുവെന്ന് പോലും എനിക്ക് ഇപ്പോഴും ഓർമ്മയില്ല. അന്നീ പ്രേമത്തെക്കുറിച്ചൊന്നും വലിയ ധാരണയില്ല. കപ്പലും വെള്ളം കയറി വരുന്ന അപകടവുമൊക്കെയാണ് ത്രില്ലടിപ്പിച്ചത്. എന്നാൽ പോലും വെള്ളത്തിൽ കിടക്കുമ്പോൾ അവർ പരസ്പരം ജാക്ക്, റോസ് എന്ന് തണുത്തുറഞ്ഞ് വിളിക്കുന്നില്ലേ... ആ ഒരു വിട്ടുപോകൽ അന്നേ സങ്കടപ്പെടുത്തിയിരുന്നു.
പ്രണയ വ്യക്തിത്വം
നേരെ വാ നേരെ പോ എന്ന മട്ടിൽ പെരുമാറുന്നവരെയാണ് എനിക്കിഷ്ടം. ഫ്രാങ്കായിരിക്കുക, സത്യസന്ധരാകുക. ജീവിതത്തിൽ ഏറ്റവും വേണ്ട ഗുണങ്ങളാണിവ. അതല്ലാതെ നമ്മളോട് ചിരിച്ചു കാണിച്ച്, മറ്റുള്ളവരോട്കുറ്റം പറയുന്നവരെ എനിക്കിഷ്ടമല്ല. അതേ പോലെ എല്ലാവരും നന്നായി ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുകയും വേണമെന്നും എനിക്ക് അഭിപ്രായമുണ്ട്. ഞാൻ തിരഞ്ഞെടുക്കുന്ന ജീവിത കാഴ്ചപ്പാടാണിത്. ഞാൻ ഏതു ആൾക്കൂട്ടവുമായും പെട്ടെന്ന് ഇണങ്ങിച്ചേരും. ഇതു പോസിറ്റീവായും നെഗറ്റീവായും വന്നിട്ടുണ്ട്.
പ്രണയം തുളുമ്പി തുളുമ്പി
എനിക്ക് ഒരു പാട് പാട്ടുകളോട് നിറയെ പ്രണയമാണ്. ഓരോ സമയത്തും ഓരോ പാട്ടാണ് മൂളു എന്ന് തിരക്കാൻ മറന്നില്ല. കേരളത്തിൽ തിരിച്ചെത്തിയപ്പോൾ മഴ, മഴ, മഴ.ആ കാഴ്ച കൊതിയോടെയാണ് ഞാൻ കണ്ടത്.
മഴ പെയ്യട്ടെ, മഴ പെയ്യട്ടേ എന്ന് കാറിലിരുന്ന് തുള്ളിച്ചാടി. കുട്ടിക്കാലത്ത് എന്നും മഴയോട് പിണക്കമായിരുന്നു. കാരണം മുറ്റത്തിറങ്ങാൻ അമ്മ വിടില്ല, കളിയും മുടക്കും. പിന്നെ ചെളി, പനി. സ്കൂളിൽ ഓട്ടോയിൽ പോകുമ്പോൾ അപ്പാടെ നനയും. അതുകൊണ്ട് മഴക്കാറ് കാണുമ്പോൾ വീർക്കുന്നത് എന്റെ മുഖമാണ്. മഴ പ്രണയം തുടങ്ങിയത് കോട്ടയം സി.എം.എസ് കോളേജിലെത്തിയപ്പോഴാണ്. അപ്പോൾ കുട പോലും വേണ്ട. മഴ നനഞ്ഞു കൊണ്ട് കാമ്പസ് മുഴുവൻ കൂട്ടുകാരോടൊപ്പം കറങ്ങും. അന്ന് കുട എടുക്കാൻ മനഃപൂർവം മറക്കും.
പ്രണയ വിഭവങ്ങൾ
ഭക്ഷണം ഒരുപാട് ആസ്വദിക്കുന്ന ഒരാളാണ്. എന്തുകഴിച്ചാലും എൻഡ് ഒഫ് ദ ഡേ, എനിക്ക് ചോറും കറിയും വേണം. അതില്ലാതെ പറ്റില്ല. സത്യം. ഹൈദരാബാദിനോടുള്ള പ്രണയം അവിടത്തെ വ്യത്യസ്ത തരം ഭക്ഷണ വിഭവങ്ങളാണ്.
കറാച്ചി ബിസ്ക്കറ്റ്, പാരഡൈസ് ബിരിയാണി, മട്ടൺ ഹലീം, ഭോൽപ്പൂരി, സ്വീറ്റ്സ് ...അങ്ങനെ കഴിക്കാത്തതൊന്നുമില്ല. സ്പൈസി വിഭവങ്ങൾക്ക് ഉഗ്രൻ സ്ഥലമാണവിടെ. പിന്നെ ഏറ്റവും ഇഷ്ടം അമ്മ ഉണ്ടാക്കുന്ന വിഭവങ്ങളാണ്. അമ്മയുടെ കൈയിലൂടെ ഉണ്ടാകുമ്പോൾ എവിടുന്നൊക്കെയോ ഒരു ടേസ്റ്റ് വരും. അതിൽ 'അടത്തട്ടി" എന്നൊന്നുണ്ട്.ഹോ ഓർക്കുമ്പോൾ പോലും വായിൽ കപ്പലോടും.
പ്രണയം അഭിനയം
അഭിനയത്തോടിപ്പോൾ പ്രണയമാണ്. ആദ്യ സിനിമയിൽ വരുമ്പോൾ അഭിനയം തുടരുമോ എന്നു പോലും അറിയില്ലായിരുന്നു. പക്ഷേ, ഇപ്പോൾ എന്റെ ഇഷ്ടം ഞാൻ തിരിച്ചറിയുന്നുണ്ട്.ബോൾഡ് കഥാപാത്രങ്ങളാണ് എനിക്കിഷ്ടം. അതേ പോലെ വെല്ലുവിളി ഉയർത്തുന്ന, സാഹസികത നിറഞ്ഞ വേഷങ്ങളും വേണം. ഒരു ചരിത്ര സിനിമയും സ്വപ്നത്തിലുണ്ട്. എനിക്ക് പറ്റാവുന്ന വേഷങ്ങളേ നോക്കുന്നുള്ളൂ. അതേ പോലെ ഓടി നടന്ന് അഭിനയിക്കാനുമില്ല. സമയമെടുത്ത് ചെയ്യണമെന്നാണ് ആഗ്രഹം. നമുക്കുള്ളത് നമ്മെ തേടിയെത്തുമെന്നാണ് എന്റെ നിലപാട്. ഒരു മോശം അനുഭവത്തിൽ നിന്നു പോലും തിരിച്ചറിയേണ്ട നല്ല പാഠമുണ്ടാകും. ഒന്നും ഞാൻ പ്ളാൻ ചെയ്യാറില്ല.