തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസ് എൻ.ഐ.എ ഏറ്റെടുത്തു. കേസ് ഏറ്റെടുത്തതായി എൻ.ഐ.എ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്രസർക്കാർ അഭിഭാഷകൻ വഴിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. കേസ് ഇന്നലെ രാത്രിയോടെ എൻ.ഐ.എക്ക് കൈമാറിയിരുന്നു.
സംസ്ഥാനത്തേക്ക് സ്വർണം കടത്തുന്നവരിൽ ഭീകര സംഘടനയായ ഐ.എസ്.ഐ.എസ് ബന്ധമുള്ളവരും ഉണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. സ്വർണക്കടത്ത് കേസ് എൻ.ഐ.എക്ക് വിട്ടത് ഈ സാഹചര്യത്തിലാണ്. കേസന്വേഷണം തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തിൽ മാത്രമായി ഒതുങ്ങില്ല.
കേന്ദ്ര സർക്കാരിലെ ഉന്നതർ ഈ വിഷയം പരിശോധിച്ചിരുന്നു. പ്രധാനമന്ത്രിയുടെ കൂടി അനുമതിയോടെയാണ് അന്വേഷണം എൻ.ഐ.എക്ക് വിട്ടത്. കേരളത്തിലേക്ക് വരുന്ന സ്വർണം രാജ്യവിരുദ്ധ താത്പര്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്ന് ഐ.എസിലേക്ക് പോയ പലരും സ്വർണ്ണം എത്തിക്കാൻ പ്രവർത്തിക്കുന്നുവെന്നും വിവരമുണ്ട്.
അതേസമയം സ്വര്‍ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്ന് കസ്റ്റസംസ് ഏജന്‍റ് ഹരിരാജ് വ്യക്തമാക്കി. നയതന്ത്ര ബാഗ് വിട്ടുനല്‍കാന്‍ ആരേയും വിളിച്ചിട്ടില്ലെന്നും ഹരിരാജ് പറഞ്ഞു. സ്വർണ്ണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാനായി കസ്റ്റംസിൽ ഇയാൾ സമ്മർദ്ദം ചെലുത്തിയതായാണ് വിവരം.