yogi

ലക്നൗ : തമിഴിലേയോ തെലുങ്കിലോ പുറത്തിറങ്ങുന്ന ഒരു പൊലീസ് മാസ് ചിത്രം പോലെയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ സംഭവങ്ങള്‍. കൊള്ളക്കാരുടേയും കൊലപാതകികളുടേയും എണ്ണം വല്ലാതങ്ങ് വര്‍ദ്ധിച്ചപ്പോഴാണ് അഞ്ചു വര്‍ഷം മുന്‍പ് ജനം വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. മോദി തരംഗമായിരുന്നു തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ച പ്രധാന ഘടകം. എന്നാല്‍ പ്രതീക്ഷകളൊക്കെ തെറ്റിച്ച് മോദിയും അമിത്ഷായും മുഖ്യമന്ത്രി പദത്തിലെത്തിലേക്ക് തിരഞ്ഞെടുത്തത് യോഗി ആദിത്യനാഥെന്ന കാവി വേഷധാരിയായ സന്യാസതുല്യ ജീവിതം നയിക്കുന്നയാളെയാണ്.

അധികാരമേറ്റ് കേവലം ഒരു മാസത്തിനകത്ത് യോഗി സുപ്രധാനമായ ഒരു പ്രസ്താവന നടത്തി സംസ്ഥാനത്ത് കുറ്റകൃത്യത്തിലേര്‍പ്പെടുത്തുന്നവര്‍ക്ക് ജീവന്‍ നഷ്ടമായേക്കാം... പക്ഷേ യോഗിയുടെ വേഷവും വാക്കും തമ്മിലുള്ള ചേര്‍ച്ച കുറവില്‍ ആശ്വാസം കണ്ട ഗുണ്ടകളിതൊന്നും കാര്യമാക്കിയില്ല, ഇതൊക്കെ എത്ര കേട്ടിരിക്കുന്നു എന്ന മട്ടിലായിരുന്നു അവര്‍. എന്നാല്‍ പിന്നീട് യോഗി ഇക്കാര്യത്തെ കുറിച്ച് അധികമൊന്നും സംസാരിച്ചല്ല പകരം പൊലീസുകാരുടെ തോക്കുകള്‍ നിര്‍ത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു. ജയിലാണ് അഭയമെന്നതരത്തില്‍ ഗുണ്ടകള്‍ തങ്ങളെ അകത്താക്കൂ എന്ന അപേക്ഷയുമായി വന്നതും വാര്‍ത്തയായി. അധികാരമേറ്റു രണ്ട് വര്‍ഷത്തിനുള്ളില്‍ 17,745 ക്രിമിനലുകള്‍ കീഴടങ്ങുകയോ ജാമ്യം റദ്ദാക്കി ജയിലിലേക്കു മടങ്ങുകയോ ചെയ്തു. എന്നാല്‍ പ്രതിപക്ഷവും മാദ്ധ്യമങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും യുപിയിലെ പൊലീസ് നരവേട്ട പലപ്പോഴായി ഉയര്‍ത്തിക്കാട്ടി. എന്നാല്‍ ഈ വിവാദങ്ങളിലൊന്നും യോഗി കുലുങ്ങിയില്ല.

രാജ്യത്തെ അക്രമങ്ങളുടേയും കുറ്റകൃത്യങ്ങളുടേയും പട്ടികയില്‍ സിംഹഭാഗവും കവര്‍ന്നെടുക്കുന്ന ഉത്തര്‍പ്രദേശില്‍ ഇപ്പോഴും ഗുണ്ടകള്‍ക്ക് ക്ഷാമമൊന്നുമില്ല, എന്നാല്‍ പഴയതുപോലെ പ്രവര്‍ത്തിക്കുവാന്‍ പലപ്പോഴും കഴിയാറില്ല. പൊലീസുമായി ഇടയുന്ന പക്ഷം ഉണ്ടകള്‍ നെഞ്ചിലേക്ക് പായുന്ന അവസ്ഥയാണിപ്പോഴുള്ളത്. അതിനുള്ള പൂര്‍ണസ്വാതന്ത്ര്യം പൊലീസിന് ലഭിച്ചിട്ടുമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പുറത്തുവന്ന കണക്കനുസരിച്ച് 5178 ഏറ്റുമുട്ടലുകളാണ് യുപിയില്‍ പൊലീസ് നടത്തിയത്. ഇതില്‍ നൂറ്റിമൂന്ന് ക്രിമിനലുകളാണ് കൊല്ലപ്പെട്ടത്. ഈ പട്ടികയില്‍ അവസാനത്തെ ആളാവുകയാണ് ഇന്ന് കൊല്ലപ്പെട്ട കൊടും ക്രിമിനല്‍ വികാസ് ദുബെ.

മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനടക്കം എട്ടു ഉദ്യോഗസ്ഥരെ വെടിവച്ചുകൊന്ന ദുബെയുടെ അന്ത്യം ഇത്തരത്തിലാവുമെന്ന് എല്ലാവരെയും പോലെ ദുബെയ്ക്കുമറിയാമായിരുന്നു. അതിനാലാണ് അയല്‍സംസ്ഥാനമായ മദ്ധ്യപ്രദേശിലെ പ്രശസ്ത ക്ഷേത്രത്തില്‍ ഇയാള്‍ അഭയസ്ഥാനം കണ്ടെത്തിയത്. ഇവിടെ കയറി യോഗിയുടെ പൊലീസ് തന്നെ വെടിവയ്ക്കില്ലെന്ന വിശ്വാസമായിരുന്നു ദുബെയ്ക്ക്. ഒടുവില്‍ ഇയാള്‍ പ്രതീക്ഷിച്ച പോലെ മദ്ധ്യപ്രദേശ് പൊലീസ് ദുബെയെ കണ്ടെത്തി (കീഴടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍) കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് യുപി പൊലീസിന് കൈമാറിയത്. പൊലീസ് എന്‍കൗണ്ടറിനുള്ള പഴുതുകളടച്ചതിന്റെ സന്തോഷം വീഡിയോയില്‍ ദുബെയുടെ മുഖത്തുണ്ടായിരുന്നു.

എന്നാല്‍ പ്രതീക്ഷകള്‍ക്ക് അപ്പുറമായിരുന്നു യുപിയിലേക്ക് മടങ്ങും വഴിയുണ്ടായ 'അപകടം' പൊലീസ് ഭാഷ്യം അനുസരിച്ച് മദ്ധ്യപ്രദേശില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പുറപ്പെട്ട പൊലീസ് വാഹനങ്ങളില്‍ ഒരെണ്ണം അപകടത്തില്‍പ്പെടുകയായിരുന്നു. വികാസ് സഞ്ചരിച്ച കാറാണ് മറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും, പൊലീസ് ഉദ്യോഗസ്ഥര്‍ വെടിവച്ച് വീഴ്ത്തുകയുമായിരുന്നു എന്നാണ്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം പലതവണ വെടിയൊച്ച കേട്ടെന്ന് നാട്ടുകാര്‍ പറയുന്നു.

യുപിയില്‍ രാഷ്ട്രീയക്കാര്‍ക്കും കുറ്റവാളികള്‍ക്കും അഭേദ്യമായ ബന്ധമാണുള്ളത്. കുറ്റവാളികള്‍ ആദ്യം രാഷ്ട്രീയ നേതാക്കള്‍ക്ക് വലം കൈയാവുകയും, ക്രമേണ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വയ്ക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. വികാസ് ദുബെയും എം എല്‍ എ ആകണമെന്ന ആഗ്രഹത്തോടെയാണ് ഗുണ്ടാപ്രവര്‍ത്തനങ്ങിളില്‍ ഏര്‍പ്പെട്ടതെന്നാണ് വിവരം.


സ്വന്തം സേനയില്‍ നിന്നുതന്നെ ദുബെയെ സഹായിക്കുവാന്‍ ആളുകളുണ്ടായിരുന്നു. പൊലീസ് അന്വേഷിക്കാനെത്തുന്നു എന്ന വിവരം ചോര്‍ത്തി നല്‍കിയ ഉദ്യോഗസ്ഥരെയും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ? പൊലീസുകാരെ വധിച്ചതോടെ ഇയാള്‍ ഒറ്റപ്പെടുകയായിരുന്നു. ദുബെയെ കണ്ടെത്തുന്നതിന് മുന്‍പേ ഇയാളുടെ വീടും വാഹനങ്ങളുമടക്കം പൊലീസ് ജെ സി ബി ഉപയോഗിച്ച് തകര്‍ത്തിരുന്നു. മറ്റെവിടെയും കണ്ടിട്ടില്ലാത്ത വഴികളിലൂടെയാണ് യോഗി തന്റെ പൊലീസിനെ കയറൂരി വിട്ടിരിക്കുന്നത്. സിനിമയില്‍ മാത്രം കാണുന്ന ഇത്തരം സീനുകള്‍ സംസ്ഥാനത്തുള്ളവര്‍ കൈയ്യടികളോടെയാവും ഒരു പക്ഷേ കാണുക. ഭയപ്പെടുത്തി തങ്ങളെ അടിച്ചമര്‍ത്തുന്ന ഗുണ്ടകളെ, മുന്‍പ് അവര്‍ക്ക് ഒത്താശപാടി കൂടെയുണ്ടായിരുന്ന പൊലീസ് തന്നെ വധിക്കുന്നതാണ് ജനത്തിന് കാണാനാവുന്നത്. യോഗി സര്‍ക്കാര്‍ അതിന്റെ കാലാവധിയുടെ അവസാന വര്‍ഷത്തിലാണിപ്പോള്‍. വമ്പന്‍ ജയം നേടുന്ന ആക്ഷന്‍ ചിത്രങ്ങള്‍ക്ക് രണ്ടാം ഭാഗം വരുന്നതു പോലെ ഈ ചെയ്തികള്‍ ജനത്തിന് ഇഷ്ടമായാല്‍ ഒരു തുടര്‍ഭരണത്തിന് യു പി സാക്ഷ്യം വഹിച്ചേക്കാം.