
ഒരു ദിവസം ഞങ്ങൾ ഓഫീസിനു മുൻപിലെ പൂന്തോട്ടത്തിൽ ചെടികളെ
കുറിച്ചു സംസാരിക്കുകയായിരുന്നു. ഞാൻ നിന്നിരുന്നത് ഒരു ശിംശിപാ വൃക്ഷ ചുവട്ടിലാണ്. മറിഞ്ഞു വീണ ഒരു വൃക്ഷത്തിന്റെ സ്ഥാനത്ത് അശോകം നട്ടാലോ എന്നു ഞാൻ ചോദിച്ചു. 'നന്നായിരിയ്ക്കും പക്ഷേ അടുത്തിടെ ഒരാൾ തന്റെ വീടിന്റെ മുൻപിൽ നിന്നിരുന്ന പൂത്തുലഞ്ഞ അശോകമരം വെട്ടിക്കളഞ്ഞു. സീതയെ ദു:ഖത്തിലാഴ്ത്തിയ, ലങ്കയിൽ സീത ദു:ഖിതയായി ഇരുന്ന മരച്ചുവട്ടിൽ സ്ത്രീകൾക്കു സമാധാനം കിട്ടുകയില്ല എന്ന് ഒരു ജ്യോത്സ്യൻ പറഞ്ഞതു കൊണ്ടാണത്രേ..
.! വൃക്ഷ സ്‌നേഹിയായ ആ മറുപടിക്കാരൻ തുടർന്നു. 'അശോകവനം എന്ന സമാനതകളില്ലാത്ത രാവണന്റെ ഉദ്യാനത്തിലെ ശിംശിപാ വൃക്ഷച്ചുവട്ടിലല്ലേ സീത ഇരുന്നത്? പാവം അശോകം!'. സീതയുടെ ദു:ഖത്തിൽ ഒരു സ്ത്രീയുടെ ഏറ്റവും നിസ്സഹായമായ അവസ്ഥയിൽ അവളുടെ ശോകത്തിന് അല്പമെങ്കിലും ആശ്വാസമേകിയ, നാമമാത്രമായി മാത്രം ഒരു പക്ഷേ നമ്മുടെ നാട്ടിലുള്ള ശിംശിപാ വൃക്ഷത്തെ ഇത്തരം കഥകൾ പറഞ്ഞു കഥ കഴിയ്ക്കുമോ? അശോകം എന്നാൽ ശോകമില്ലാത്ത എന്നർത്ഥം വരും.
ആരുടേയും മനം മയക്കുന്ന പൂങ്കുലകൾ! സ്ത്രീകളുടെ രോഗങ്ങൾക്ക് ഔഷധമാകുന്ന വിവിധ ഭാഗങ്ങൾ. മനുഷ്യന്റെ, പ്രകൃതിയുടെ, സ്ത്രീയുടെ ശോകം ശമിപ്പിക്കുന്ന അശോകത്തെ ശോക പ്രതീകമാക്കുന്നവരെകുറിച്ച് എന്തു പറയാൻ!
ഓരോ മണ്ണിലും അതിനിണങ്ങിയ വൃക്ഷങ്ങളും ചെടികളും വളരുന്നു. കാലിഫോർണിയയിൽ വളരുന്ന റെഡ്ട്രീയും ഓസ്‌ട്രേലിയായിൽ വളരുന്ന കുള്ളൻ ഗം ട്രീകളും നമ്മുടെ നാട്ടിൽ കാണാറില്ലല്ലോ. സ്വാഭാവികമായി
നമ്മുടെ മണ്ണിൽ വളരുന്ന വൃക്ഷങ്ങൾക്കേ നമ്മുടെ മണ്ണിന്റെ സംതുലനാവസ്ഥ നിലനിറുത്താനാകൂ. എൺപതുകളിൽ വൃക്ഷങ്ങൾ വെച്ചു പിടിപ്പിക്കാൻ കേരളത്തിൽ പുതിയ പദ്ധതി കൊണ്ടു വന്നപ്പോൾ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് വിദ്യാർത്ഥികളെകൊണ്ട് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് കായ്ഫലമാകുമ്പോഴേയ്ക്കും പാട്ടത്തിനു കൊടുത്ത് പൈസ തിരിച്ചു പിടിപ്പിക്കത്തക്ക വിധത്തിൽ പ്രോജക്‌ട് അവതരിപ്പിച്ചിരുന്നതിനെക്കുറിച്ച് ഒരു കോളേജ് പ്രിൻസിപ്പൽ ഒരുകഥ പറയുകയുണ്ടായി. കേരളത്തിലെ എല്ലാ
വീടുകളിലും ആവശ്യമുള്ള പുളി, എല്ലാ രോഗങ്ങൾക്കും ശമനം നൽകുന്ന നെല്ലി, (ധാത്രി എന്നറിയപ്പെടുന്ന വൃക്ഷം) താന്നി, കടുക്ക (ദശമാത-പത്ത് അമ്മമാർക്കു തുല്യം എന്നറിയപ്പെടുന്ന വൃക്ഷം) ഇവയൊക്കെ നട്ടു പിടിപ്പിക്കാനായിരുന്നുവത്രേ പദ്ധതി. എന്നാൽ അക്കേഷ്യ നട്ടാൽ അഞ്ചു വർഷം കഴിഞ്ഞു മരം മുറിച്ചു വിറ്റാൽ അൻപതു കോടിയും പതിനഞ്ചു കൊല്ലം കഴിയുമ്പോൾ നൂറ്റി അൻപതുകോടിയും തിരിച്ചു പിടിക്കാമെന്ന് അവകാശപ്പെട്ടു അക്കേഷ്യയാണത്രേ നട്ടത്. ആസ്‌തമയ്ക്കു കാരണമാകുന്ന അക്കേഷ്യ ആരുടേയും ശോകം ശമിപ്പിച്ചില്ല.
ഓരോ നാട്ടു മാമ്പഴത്തിനും പ്രത്യേക മണവും രുചിയുമാണ്. അട്ടനാറിമാവ്, ശർക്കരമാവ് ഇങ്ങനെ പല പേരുകളാണു തൊടിയിലെ മാവുകൾക്ക്. ശർക്കരമാമ്പഴം മുഴുവനോടെ മൂക്കു മാത്രം ചെത്തിയെടുത്ത് ചോറിൽ പിഴിഞ്ഞൊഴിച്ച് തൈരുംകൂട്ടി കുഴച്ചു ചോറുണ്ണുമ്പോഴുള്ള സ്വാദ്! പഴയ ചെമ്പൻ പ്ലാവും അട്ടനാറിമാവുമൊക്കെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. അവയെ കുറിച്ചുള്ള ഓർമ്മ എനിയ്ക്ക് എന്റെ ഏറ്റവും പ്രിയമുള്ള കൂട്ടുകാരെയോ ബന്ധുക്കളേയോ ഓർക്കുന്നതിനു തുല്യമാണ്. നമ്മുടെ മണ്ണിന്റെ ഗന്ധവും രസവുമെല്ലാം തലമുറകളായി ആവാഹിച്ചു നിറച്ചുവച്ചിരിക്കുന്ന കനികൾ നമുക്കായി കരുതിവച്ചിരുന്ന ആ മരമുത്തശ്ശിമാർ കാറ്റും ഊഞ്ഞാലുമൊക്കെയായി കളിക്കൂട്ടുകാരായും മാറുമായിരുന്നു. മനസ്സിനെ അലട്ടുന്ന ഏതുശോകവും ദൂരെപ്പോകുന്ന വിധം അശോകങ്ങളായിരുന്നു ആ മരങ്ങൾ. പഴുത്ത ആനിയ്ക്കാ വിളയും
(ആഞ്ഞിലിച്ചക്ക) ചുവപ്പുള്ള ഇലഞ്ഞിപ്പഴവും മയക്കുന്ന ഗന്ധമുള്ള ഇലഞ്ഞിപ്പൂക്കളും മാസ്മര ഗന്ധവുമായി വൃശ്ചികത്തിന്റെ വരവിനെ വിളിച്ചറിയിച്ചിരുന്ന പാലയും എല്ലാമെല്ലാം കിനാവുകളെ വളയണിയിയ്ക്കുക മാത്രമല്ല ചെയ്തിരുന്നത്, ജീവിതത്തെ ഗന്ധവും ഗുണവുമുള്ളതാക്കിതീർത്തിരുന്നു. നമ്മുടെ ശോകമകറ്റുന്ന മണ്ണിനിണങ്ങിയവൃക്ഷങ്ങൾ എമ്പാടും പൂത്തുലയട്ടെ എന്നാശിയ്ക്കു
ന്നു.
ചുവന്ന ഞെട്ടും ഇളം പച്ച പൂവുമുള്ള ഇത്തിക്കണ്ണിപ്പൂ പെറുക്കി ഊതി വിടർത്തിക്കളിച്ചതിന് മാഞ്ചോട്ടിലെ ക്ലാസ്സിൽ ടീച്ചറുടെ വഴക്കു വാങ്ങിയത് ആ പൂക്കളോടുള്ള കമ്പം തെല്ലും കുറച്ചില്ല. ക്ലാസ്സ് മാഞ്ചോട്ടിലായിരിക്കണേ, ക്ലാസ്സ് മുറിയിലാകരുതേ എന്നു പ്രാർത്ഥിച്ചിരുന്നതോർക്കുന്നു. എങ്കിൽ മണ്ണുകൊണ്ടു കോട്ടയുണ്ടാക്കി കളിക്കാം. ആ മണലിന്റെ വെറും സ്പർശം പോലും സാന്ത്വനവും ആഹ്‌ളാദവുമായിരുന്നു; കളിയ്ക്കിടയിൽ കാണാതാവുന്ന കല്ലു പെൻസിലും റബറുമൊക്കെ കൊച്ചു വേദനകളായിരുന്നെങ്കിലും ഫസ്റ്റ് ബെല്ലടിച്ചാൽ ഞങ്ങൾ കുട്ടികളെല്ലാവരും സ്‌കൂൾ മുറ്റത്തെ ഇലകൾ പെറുക്കി കളയണം. സെക്കന്റ് ബെല്ലടിക്കുമ്പോൾ എല്ലാവരും അസംബ്ലിയിൽ വരിയായി നിൽക്കണം. ഒരു ദിവസം പതിവുപോലെ അസംബ്ലിയിൽ നിന്ന എന്നെ ഒരു ടീച്ചർ മുൻപോട്ടു വരാനായി ആംഗ്യം കാണിച്ചു. എന്തെങ്കിലും ചുമതല ഏൽപിക്കാനോ പറയാനോ ആയിരിക്കുമെന്നു കരുതി ഞാൻ ഓടി ടീച്ചറുടെ അടുത്തെത്തി. ടീച്ചർ എന്നോടു കൈനീട്ടാൻ പറഞ്ഞു. ഞാൻ സന്തോഷത്തോടെ വേഗം കൈനീട്ടി. ടീച്ചർ ചൂരൽ കൊണ്ട് കൈവെള്ളയിൽ ഒറ്റയടി! എനിക്കു കൈയ്യിലെ വേദനയെക്കാളേറെ ടീച്ചർ എന്തിനെന്നെ അടിച്ചു എന്ന ചിന്തയായിരുന്നു. അപ്പോൾ തന്നെ ഞാനത് ടീച്ചറിനോടു ചോദിച്ചു. ഉന്തും തള്ളും ഇനി മേലാൽ ഉണ്ടാക്കരുത് എന്നായിരുന്നു മറുപടി. ഞാൻ ഉന്തും തള്ളും ഉണ്ടാക്കിയില്ലല്ലോ എന്നു മറുപടി പറഞ്ഞെങ്കിലും അവരതു ശ്രദ്ധിച്ചതേയില്ല. എനിക്ക് അപമാനവും വേദനയും തോന്നി. എന്തൊരനീതി. ഉള്ളിൽ രോഷം ഇരച്ചു പൊന്തി.
ഞങ്ങളുടെ സ്‌കൂളിന്റെ മുൻപിലെ മാവുകളെല്ലാം എനിക്കേറെ പ്രിയപ്പെട്ടവ
യായിരുന്നു. ക്ലാസ്സിലിരുന്നു കാണാനാവുന്ന ഒരു മാവിന് ഞാൻ മനസിൽ
ഒരു പേരിട്ടിരുന്നു; ചുന്ദരിയമ്മ. കൈയ്യിൽ ചൂരലിന്റെ വേദനയുമായി
ക്ലാസ്സിൽ കയറിയ ഞാൻ ചുന്ദരിയമ്മയോടു പറഞ്ഞു. 'നോക്കിക്കേ ചുന്ദരിയമ്മേ, ആ ടീച്ചറിന്റെ അനീതി ഞാൻ ഉന്തും തള്ളും ഉണ്ടാക്കിയില്ലെന്നു ചുന്ദരിയമ്മയ്ക്കറിയാല്ലോ' ചുന്ദരിയമ്മ ഒരു കാറ്റിന്റെ തലോടലിലൂടെ എന്റെ കൈയ്യുടെ വേദന ഒപ്പിയെടുത്തു തലയാട്ടി, ശരിയാണു, ശരിയാണ്, സന്ധ്യ ഉന്തും തള്ളും ഉണ്ടാക്കിയില്ല. ടീച്ചറിനു കണ്ണില്ല, ഭയങ്കരി! ഞാനും ഏറ്റു പറഞ്ഞു 'ശരിയാ, ഭയങ്കരി'. സന്ധ്യയെന്താ പിറുപിറുക്കുന്നേ?' ക്ലാസ്സ് ടീച്ചർ ചോദിച്ചു. 'ഒന്നുമില്ല ടീച്ചർ'. ചുന്ദരിയമ്മ വീണ്ടും വീണ്ടും കാറ്റായി എന്നെ തലോടി ആശ്വസിപ്പിച്ചു.