mother

മക്കളെ പഠനത്തിൽ മിടുക്കരാക്കി എല്ലാവരുടെ മുന്നിലും ഗമയോടെ നിൽക്കാൻ ആഗ്രഹിക്കാത്ത രക്ഷകർത്താക്കളില്ല ഇക്കാലത്ത്.

അതിനായി പലവിധ കഠിന പരിശീലനവുമെല്ലാം കുട്ടിയുടെ ഓരോ വളർച്ചാ ഘട്ടത്തിലും അച്ഛനമ്മമാർ നടത്തും. ഇതിനിടയിൽ പല രക്ഷിതാക്കളും മറന്നു പോകുന്ന ഒരു കാര്യമാണ് കുട്ടികളുടെ സ്വഭാവരൂപീകരണം. വൈകാരികമായി അടുപ്പം അവരുമായി ഉണ്ടായാലേ അമ്മക്ക് കുട്ടികളെ മികച്ചവരാക്കാൻ കഴിയൂ. അവിടെ മത്സരബുദ്ധിക്ക് സ്ഥാനമില്ല. തന്റെ മക്കളുടെ നല്ല ഭാവി സ്വപ്നം കണ്ട് ജീവിക്കുന്നവരാണ് മിക്ക സ്ത്രീകളും. കുഞ്ഞ് നിങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് അമ്മമാരുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. ഇനി പറയുന്ന കാര്യങ്ങൾ ഒരൽപ്പം ശ്രദ്ധിച്ചാൽ നിങ്ങളോടൊപ്പം നിങ്ങളുടെ കുട്ടികളും ഹാപ്പിയാകും. അങ്ങനെ നല്ല സ്വഭാവ ഗുണമുള‌ളവനായി കുട്ടിയെ വളർത്തിയെടുക്കാൻ കഴിയും എന്ന കാര്യത്തിൽ സംശയം വേണ്ട.

ഗസ്റ്റ് മാനേഴ്സ്

വീട്ടിൽ വിരുന്നുകാർ വരുമ്പോഴാണ് കുട്ടികളുടെ യഥാർത്ഥ ശീലം മനസ്സിലാക്കാൻ കഴിയുന്നത്. വിരുന്നുകാരോട് പെരുമാറുന്ന രീതി തന്നെയാണ് കുട്ടിയുടെ സ്വഭാവം എങ്ങനെ രൂപപ്പെടുത്തണം എന്ന് സൂചന നൽകുന്നതും. നിങ്ങളുടെ കുട്ടി മറ്റുള്ളവരോടും സമപ്രായക്കാരായ കുട്ടികളോടും വിനയത്തോടെയും കരുതലോടെയും പെരുമാറുകയാണെങ്കിൽ നിങ്ങൾക്കു സന്തോഷിക്കാം, കാരണം നിങ്ങൾ നല്ല ഒരു മാതാവോ പിതാവോ ആണെന്നതിനുള്ള തെളിവ് തന്നെയാണത്.

നിഷ്ക്കളങ്കമായ പുഞ്ചിരി

കുഞ്ഞങ്ങളുടെ മുഖത്തുള്ള നിഷ്കളങ്കമായ പുഞ്ചിരി നിങ്ങൾ അവർക്ക് ഉത്തമയായൊരു മാതാവാണ് എന്നതിന്റെ തെളിവാണ്. എപ്പോഴും നിങ്ങളുടെ കുഞ്ഞു സന്തോഷവാനാണെങ്കിൽ അവർ വളരുന്ന ചുറ്റുപാട് അവനെ സന്തുഷ്ടനാകുന്നു എന്നാണതിന്റെ അർത്ഥം. അവരുടെ സന്തോഷത്തിന്റെ ക്രെഡിറ്റ് എപ്പോഴും നിങ്ങൾക്ക് അവകാശപ്പെട്ടതാണ്. നിങ്ങളുടെ കുട്ടികൾ സന്തോഷവാനായി ഇരിക്കുന്നത് നിങ്ങളെയും സന്തോഷവതിയാക്കുന്നു.

ഷെയറിങ്ങ് ആൻഡ് കെയറിങ്ങ്

തനിക്കുള്ളത് മറ്റുള്ളവർക്കും കൂടെ പങ്കുവയ്ക്കുന്ന ശീലം കുട്ടികളിൽ വളർത്തിയെടുക്കണം. ചിട്ടയായ ശിക്ഷണത്തിലൂടെ മാത്രമെ ഈ ശീലം വളർത്തിയെടുക്കാൻ കഴിയു. ചെറിയ ഒരു വസ്തുതാണെകിൽ കൂടെ പങ്കുവെക്കുന്ന ശീലം വളർത്തിയെടുക്കുക്കേണ്ടത് അനിവാര്യമാണ്. പഠിച്ച നല്ല ശീലങ്ങൾ വളർച്ചയുടെ ഓരോ ഘട്ടത്തിലും മായ്ക്കാതെ കൂടെ കൂട്ടാൻ ഉപദേശിക്കുക.

ബെസ്റ്റ് ഫ്രണ്ട്

നിങ്ങളുടെ കുട്ടി എല്ലാ കാര്യങ്ങളും നിങ്ങളുമായി പങ്കുവെക്കുന്നുവെങ്കിൽ നിങ്ങൾ അവന് ഒരു നല്ല സുഹൃത്തുകൂടിയാണെന്ന് ഉറപ്പിക്കാം. ഒരു അമ്മക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണിത്. അവർക്കു നിങ്ങളോടു പറയാൻ താല്പര്യം ഇല്ലാത്ത വിഷയത്തെ പറ്റി പറയാൻ അവരെ ഒരിക്കലും നിർബന്ധിക്കരുത്. അവർ നിങ്ങളുമായി പങ്കുവയ്ക്കുന്ന ഓരോ കാര്യവും ശ്രദ്ധയോടെ കേൾക്കുക. എപ്പോഴും നല്ല ഉപദേശങ്ങൾ കൊടുക്കാൻ ശ്രമിക്കുക.

താരതമ്യവും പുച്ഛവും പടിക്കു പുറത്ത്

ഒരമ്മ ഒരിക്കലും സ്വന്തം കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യരുത്. പലപ്പോഴും ഇത് കുട്ടികളെ ദോഷകരമായി ബാധിക്കും. ഇത് അവരുടെ ഇച്ഛാശക്തിയേയും, ആത്മവിശ്വാസത്തെയും സാരമായി ബാധിക്കാറുണ്ട്. നിങ്ങളുടെ കുട്ടിയെ മറ്റുകുട്ടികളുമായി താരതമ്യം ചെയ്യാതെ അവൻ എന്താണോ അതേ രീതിയിൽ അവനെ അവനായി തന്നെ വളർത്താം. അവന്റെ കഴിവുകളിൽ അവനെ അളവറ്റ് പ്രോത്സാഹിപ്പിക്കുകയും ആത്മവിശ്വാസം നൽകുകയും ചെയ്യണം. കുഞ്ഞുന്നാളിൽ കൊടുക്കുന്ന പ്രജോതനവും പ്രോത്സാഹനവും ആണ് അവൻ ഭാവിയിൽ ആരായിത്തീരണം എന്ന് തീരുമാനിക്കുന്നത്. എപ്പോഴും ക്ഷമാശീലവും അനുകമ്പയും കാത്തുസൂക്ഷിക്കുന്നതിലൂടെ നിങ്ങളൊരു മികച്ച അമ്മയായി തീരുമെന്നതിൽ സംശയമില്ല.