കൊച്ചി : സംസ്ഥാനത്തെ ചര്‍ച്ചാവിഷയമായ സ്വര്‍ണകള്ളക്കടത്ത് കേസില്‍, നയതന്ത്ര ബന്ധത്തെപ്പോലും ബാധിക്കുന്ന അന്വേഷണത്തിന് സി ബി ഐ വേണമോ എന്‍ ഐ എ വേണമോ എന്ന ആശയക്കുഴപ്പത്തിനൊടുവില്‍ കേന്ദ്രം എന്‍ ഐ എ തിരഞ്ഞെടുത്തത് പല സാദ്ധ്യതകളും മുന്‍കൂട്ടി കണ്ടുകൊണ്ടാണ്. എന്‍.ഐ.എ സ്വര്‍ണക്കള്ളകടത്തിന്റെ നൂലാമാലകള്‍ കീറി പരിശോധിക്കുമെന്ന് ഉറപ്പാണ്. സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാനായി ഹൈക്കോടതിയില്‍ ഹാജരായ കേന്ദ്രത്തിന്റെ അഭിഭാഷകന്‍ സ്വര്‍ണക്കള്ളക്കേസില്‍ സ്വപ്‌നയ്‌ക്കെതിരെ എൻ ഐ എ, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത വിവരം കോടതിയെ ധരിപ്പിച്ചു. ഇതിനു പുറമേ എന്‍ ഐ എ കേസന്വേഷണം ഏറ്റെടുത്തതിനാല്‍ ഇനിയുള്ള നടപടികള്‍ക്കായി ഹൈക്കോടതി കേസ് കേള്‍ക്കരുതെന്നും എന്‍ ഐ എ കോടതിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു. അടുത്ത ചൊവ്വാഴ്ചയിലേക്ക് കേസ് മാറ്റിയിരിക്കുകയാണ് ഹൈക്കോടതി.
സ്വപ്‌നയ്‌ക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. സ്വപ്ന ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ്. സന്ദീപിന്റെ ഭാര്യയുടെ മൊഴി പരിശോധിച്ചാല്‍ സ്വപ്‌ന സ്വര്‍ണകള്ളക്കടത്തില്‍ പ്രതിയാണെന്ന് വ്യക്തമാവും. ചോദ്യം ചെയ്യുവാന്‍ ആവശ്യപ്പെട്ടിട്ടും ഫോണ്‍ ഓഫാക്കി ഒളിവില്‍ പോവുകയാണ് സ്വപ്‌ന ചെയ്തത്. പ്രതി സാമ്പത്തിക സുരക്ഷക്ക് ഭീഷണിയാണ്. സ്വപ്നക്കെതിരെ യുഎപിഎ വകുപ്പ് 16, 17 ചാര്‍ജ് ചെയ്യപ്പെട്ട കേസാണ് ഇതെന്നും കോടതിയെ അറിയിച്ചു. അഡ്വക്കറ്റ് രവിപ്രകാശ് ആണ് കേന്ദ്രത്തിനു വേണ്ടി ഹാജരായത്.