swapna-suresh-

തിരുവനന്തപുരം : സ്വര്‍ണകള്ളക്കടത്ത് വേട്ടയുടെ അഞ്ചാംനാളിലും കാണാമറയത്ത് ഒളിച്ചിരിക്കുന്ന സ്വപ്‌ന തലസ്ഥാന ജില്ല വിട്ടില്ലെന്ന് സൂചന. ഇതു സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. എന്നാല്‍ പൊലീസ് അന്വേഷണം നടത്താന്‍ ഇതുവരെ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നില്ല. അതേസമയം ഇന്ന് സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ, കേസ് എന്‍ ഐ എ ഏറ്റെടുത്തതായും, സ്വപ്‌ന യ്‌ക്കെതിരെ എഫ് ഐ ആര്‍ ഇട്ടതായും ഹൈക്കോടതിയെ കേന്ദ്രസര്‌ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി കേസ് പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്.

അതേസമയം സ്വപ്‌ന തലസ്ഥാന ജില്ല വിട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്വപ്‌ന രണ്ട് മക്കളെയും കൂട്ടിയാണ് ഒളിവില്‍ പോയത്. ഇവരുടെ മകള്‍ തലസ്ഥാനത്തെ ഒരു കോളേജിലെ വിദ്യാര്‍ത്ഥിനിയാണ്. മകള്‍ സഹപാഠിയെ ഫോണില്‍ ബന്ധപ്പെട്ടതായി വിവരമുണ്ട്. ഇതു കൂടാതെ സ്വപ്‌നയും മറ്റൊരു വനിതയും കൂടി സഞ്ചരിച്ച കാര്‍ തനിക്ക് അരുകില്‍ നിര്‍ത്തി മങ്കയത്തേക്കുള്ള വഴി ചോദിച്ചതായി ഒരാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സമയത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഒരു വെളുത്ത കാര്‍ കടന്നു പോകുന്നത് കണ്ടെത്തിയിട്ടുണ്ട്. കാറിലുള്ളത് സ്വപ്‌നയാണെങ്കില്‍ പൊന്മുടിയുടെ സമീപ പ്രദേശങ്ങളിലെത്താനാണ് സാദ്ധ്യതയുള്ളത്. എന്നാല്‍ തമിഴ്‌നാട്ടിലേക്ക് കടന്നു എന്നും സൂചനയുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ അതിര്‍ത്തികടന്ന് യാത്ര ചെയ്താൽ തിരിച്ചറിയുവാന്‍ സാദ്ധ്യത കൂടുതലാണ്. മിക്ക ഇടങ്ങളിലും പൊലീസ് പരിശോധന കര്‍ശനമാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് സ്വപ്‌ന തലസ്ഥാന ജില്ലയിലുണ്ടെന്നാണ്. കഴിഞ്ഞ ദിവസം സ്വപ്‌നയുടെ ശബ്ദരേഖ മാദ്ധ്യമങ്ങളില്‍ എത്തിച്ചു നല്‍കിയിരുന്നു. എന്നാലിതിനെ പറ്റിയുള്ള അന്വേഷണത്തെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമല്ല.