തിരുവനന്തപുരം:കേരള നവോത്ഥാനത്തിന് വിത്ത് പാകിയ മഹത്തായ എസ്.എൻ.ഡി.പി യോഗത്തെയും,കാൽ നൂറ്റാണ്ടായി യോഗത്തിന് ധീരമായ നേതൃത്വം നൽകുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ ശ്രീനാരായണ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് യോഗം ആറ്റിങ്ങൾ യൂണിയൻ കൗൺസിലിൽ യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് ആവശ്യപ്പെട്ടു.യോഗം ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സമുദായം കൈവരിക്കുന്ന മുന്നേറ്റങ്ങൾക്ക് മുമ്പിൽ പകച്ചു നിൽക്കുന്ന സമുദായ ശത്രുക്കളുടെ കുപ്രചാരണങ്ങൾ വിലപ്പോവില്ല.ശ്രീനാരായണ ഗുരുദേവന്റെ ദർശനം ഉൾക്കൊണ്ട് സമുദായത്തിന്റെ വളർച്ചയും വികസനവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമാക്കി അദ്ദേഹം നടത്തുന്ന അക്ഷീണ പ്രയത്നങ്ങളും ഭരണാധികാരികളുടെ മുഖം നോക്കാതെയുള്ള പോരാട്ടങ്ങളും നിഷേധിക്കാനാവാത്ത യാഥാർത്ഥ്യങ്ങളാണ്. ദുഷ്പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളിക്കളഞ്ഞ് ഈ സന്നിഗ്ദ്ധ ഘട്ടത്തിൽ യോഗത്തിനും ജനറൽ സെക്രട്ടറിക്കു പിന്നിൽ ശ്രീനാരായണീയർ ഒന്നടങ്കം അണിനിരക്കണമെന്ന് യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് അവതരിപ്പിച്ച പ്രമേയത്തിൽ ആഹ്വാനം ചെയ്തു.യൂണിയൻ ഹാളിൽ നടന്ന യോഗത്തിൽ യൂണിയൻ സെക്രട്ടറി എം.അജയൻ സ്വാഗതവും കൗൺസിലർ സുജാതൻ നന്ദിയും പറഞ്ഞു. കൗൺസിലർമാരായ സുധീർ,സുരേഷ് ബാബു,ദഞ്ചുദാസ് എന്നിവരും സംസാരിച്ചു.