വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു. അമേരിക്കയിലും ബ്രസീലിലും ആഫ്രിക്കയിലും വലിയ തോതിലുള്ള രോഗവ്യാപനമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇവയ്ക്ക് പുറമെ
ഇന്ത്യ, റഷ്യ, പെറു, ചിലി എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ലോകത്ത് ആകെ രോഗികൾ ഒന്നേകാൽ കോടി കവിഞ്ഞു. മരണം 5.60 ലക്ഷം.
യു.എസിൽ 32.20 ലക്ഷം പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതിൽ 1.36ലക്ഷം പേർ മരിച്ചു. ബ്രസീലിലെ അവസ്ഥ അതിഗുരുതരമായി തുടരുകയാണ്. ഒറ്റദിവസത്തിനിടെ 1,100ലധികം പേരാണ് ബ്രസീലിൽ മരിച്ചത്. 43000 ഓളമാണ് ബ്രസീലിൽ പുതുതായി സ്ഥിരീകരിച്ച കൊവിഡ് കേസുകൾ. ആകെ 17.59 ലക്ഷം പേരിലാണ് ബ്രസീലിൽ കൊവിഡ് സ്ഥിരീകരിച്ചത്. ആഫ്രിക്കയിൽ കൊവിഡ് വ്യാപനത്തിന് വലിയ വേഗമാണ് കൈവരിച്ചത്. ദക്ഷിണാഫ്രിക്കയിൽ കൊവിഡ് ബാധിതർ 2.38 ലക്ഷമായി. 3,720 പേരാണ് ഇതുവരെ ദക്ഷിണാഫ്രിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, വടക്കു പടിഞ്ഞാറൻ സിറിയയിൽ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നു.
ബൊളീവിയൻ പ്രസിഡന്റിന് കൊവിഡ്
ലാറ്റിൻ അമേരിക്കൻ രാജ്യമായ ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റ് ജെനീന ആനിയെസിന് കൊവിഡ്-19 സ്ഥിരീകരിച്ചു. തന്റെ കൊവിഡ്-19 പരിശോധനാഫലം പോസിറ്റീവ് ആണെന്നും ഐസൊലേഷനിൽ കഴിഞ്ഞുകൊണ്ട് ജോലി തുടരുമെന്നും ജെനീന ട്വീറ്റ് ചെയ്തു.
പതിനാലു ദിവസം ക്വാറന്റീനിൽ കഴിഞ്ഞതിനു ശേഷം അടുത്ത പരിശോധനയ്ക്ക് വിധേയയാകുമെന്നും 53കാരിയായ ജെനീന ട്വിറ്റർ വീഡിയോയിലൂടെ പറഞ്ഞു. ജെനീനയുടെ ക്യാബിനറ്റിലെ നാലു പേർക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈയടുത്ത ദിവസങ്ങളിൽ കൊവിഡ്-19 സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ലാറ്റിൻ അമേരിക്കൻ നേതാവാണ് ജെനീന. ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസൊനാരോയ്ക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.