കാലിഫോർണിയ: നടിയും ഗായികയും മോഡലുമായ നയാ റിവേരയെ നാലു വയസുകാരനായ മകനൊപ്പം തടാകത്തിൽ ബോട്ട് യാത്ര ചെയ്യുന്നതിനിടെ കാണാതായി. ലോസാഞ്ചൽസ് ഡൗൺടൗണിന് ഏകദേശം 90 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പിരു തടാകത്തിലാണ് 33 കാരിയായ റിവേരയെ കാണാതായത്. സംഭവത്തിന് തൊട്ടുമുൻപ് മകനൊപ്പം ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം നിയാ പോസ്റ്റ് ചെയ്തിരുന്നു.
പിരു തടാക ജലസംഭരണിയിൽ ബുധനാഴ്ച റിവേര ഒരു ബോട്ട് വാടകയ്‌ക്കെടുത്തിരുന്നതായും മകനെ ലൈഫ് ജാക്കറ്റ് ധരിച്ച നിലയിൽ ബോട്ടിൽ കണ്ടെത്തിയതായും കെ.എൻ.ബി.സി റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച ആരംഭിച്ച തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. നടി വെള്ളത്തിൽ മുങ്ങിപ്പോയിട്ടുണ്ടാകാം എന്ന അനുമാനത്തിലാണ് പൊലീസ്.
2009 മുതൽ 2015 വരെ ഫോക്‌സിൽ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കൽ-കോമഡി ഗ്ലീയിൽ ചിയർലീഡറായി റിവേര അഭിനയിച്ചിരുന്നു. പരമ്പരയിലെ 113 എപ്പിസോഡുകളിൽ റിവേര പ്രത്യക്ഷപ്പെട്ടു. നടൻ റയാൻ ഡോർസേയായിരുന്നു റിവേരയുടെ ഭർത്താവ്. 2018 ൽ ഇവർ വേർപിരിഞ്ഞു.