സിയോൾ: കഴിഞ്ഞ ദിവസം കാണാതായ സിയോൾ മേയർ പാർക്ക് വൺ സൂണിന്റെ മൃതദേഹം കണ്ടെത്തി. പാർക്കിന്റെ മൊബൈൽ ഫോണിന്റെ ലാസ്റ്റ് സിഗ്നൽ ലഭിച്ച ദക്ഷിണ കൊറിയയിലെ മൗണ്ട് ബുഗാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പാർക്കിനെ കാണാതാകുന്നതിനു തൊട്ടു മുൻപത്തെ ദിവസം അദ്ദേഹത്തിന്റെ ഓഫീസിലെ ഒരു വനിതാ ജീവനക്കാരി പാർക്കിനെതിരെ ലൈംഗികാതിക്രമത്തിനു പരാതി നൽകിയെന്നും അതിൽ മനം നൊന്ത പാർക്ക് ആത്മഹത്യ ചെയ്തതാകാമെന്നുമാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇതു സംബന്ധിച്ച വിശദവിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായിട്ടില്ല. "എന്നോട് എല്ലാവരും ക്ഷമിക്കണം. ഒപ്പം നിന്നവർക്കും സഹകരിച്ചവർക്കും നന്ദി" എന്ന് പാർക്ക് എഴുതിയ കുറിപ്പ് കണ്ടെത്തിയതോടെയാണ് ആത്മഹത്യാവാദം കൂടുതൽ ശക്തമായത്. സിയോളിലെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട മേയറാണ് പാർക്ക് വൺ സൂൺ. അഴിമതിക്ക് ജയിലിലായ പ്രസിഡന്റ് പാർക്ക് ജെൻ ഹുയിനെ പരസ്യമായി എതിർത്തിരുന്നു. 2022ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഏറെക്കുറെ സ്ഥാനം ഉറപ്പിച്ച ആളായിരുന്നു പാർക്ക്. അച്ഛന്റെ മരണത്തിലെ സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പാർക്കിന്റെ മകൾ രംഗത്തെത്തിയിട്ടുണ്ട്.