അൽമാറ്റി : കൊവിഡിന് പിന്നാലെ കസാക്കിസ്ഥാനിൽ അജ്ഞാത ന്യുമോണിയ രോഗം പടർന്നുപിടിക്കുന്നതായി ചൈനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ മാസം മാത്രം അറുന്നൂറിലേറെ പേർ ന്യുമോണിയ ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് കസാക്കിസ്ഥാനിലെ ചൈനീസ് എംബസി രാജ്യത്തുള്ള ചൈനീസ് പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയത്. കൊവിഡിനെക്കാൾ വളരെ ഉയർന്ന മരണനിരക്കാണ് പുതിയ രോഗത്തിനുള്ളതെന്നു മുന്നറിയിപ്പ് നിർദേശത്തിൽ ചൈനീസ് എംബസി വ്യക്തമാക്കുന്നു. രോഗവ്യാപന സാഹചര്യത്തെക്കുറിച്ച് ചൈനീസ് പൗരൻമാർ ബോധവാൻമാരാകണമെന്നും രോഗബാധ തടയാൻ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും എംബസി നിർദ്ദേശിച്ചു.
കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 1,772 പേർ കസാക്കിസ്ഥാനിൽ അജ്ഞാത ന്യുമോണിയ ബാധിച്ച് മരിച്ചു. ജൂണിൽ മാത്രം ചൈനീസ് പൗരൻമാർ ഉൾപ്പെടെ 628 പേർ മരിച്ചുവെന്നും എംബസി പ്രസ്താവനയിൽ പറഞ്ഞു. ന്യൂമോണിയ ബാധിച്ച രോഗികളുടെ എണ്ണം കൊവിഡ് ബാധിച്ചവരേക്കാൾ രണ്ട് മുതൽ മൂന്ന് മടങ്ങ് വരെ കൂടുതലാണെന്ന് കസാക്കിസ്ഥാന്റെ ആരോഗ്യമന്ത്രി ബുധനാഴ്ച പറഞ്ഞതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം ന്യുമോണിയ കൊവിഡിനെക്കാൾ മാരകമാണെന്ന ചൈനീസ് എംബസിയുടെ മുന്നറിയിപ്പ് കസാക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം തള്ളി. വടക്കു പടിഞ്ഞാറൻ ചൈനീസ് സ്വയംഭരണ പ്രദേശമായ സിൻജിയാംഗ് ഉയ്ഗൂർ മേഖലയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് കസാക്കിസ്ഥാൻ.