the-somerton-man

അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയെന്നും മറ്റുമുള്ള വാർത്തകൾ നാം കേൾക്കാറുണ്ട്. എന്നാൽ ഒരു അജ്ഞാത മൃതദേഹം ഒരു രാജ്യത്ത് മുഴുവൻ കോളിളക്കം സൃഷ്ടിച്ച സംഭവം ഉണ്ടായിട്ടുണ്ട്. എന്തൊക്കെയോ രഹസ്യങ്ങളുടെ ഉത്തരമായിരുന്നിരിക്കണം ആ മനുഷ്യൻ. ലോകമെമ്പാടും ഇയാൾ ആരാണെന്ന് കണ്ടെത്താനുള്ള തിരച്ചിൽ നടത്തിയിട്ടും ഒരു ഫലവും കാണാതെ പോയി. ശരിക്കും ആരായിരുന്നു അയാൾ. ?

 കടൽത്തീരത്തെ മൃതദേഹം

വർഷം 1948 ഡിസംബർ 1. ഓസ്ട്രേലിയയിലെ സോമർടൺ ബീച്ചിൽ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തി. കടൽ ഭിത്തിയിൽ ചാരി മണലിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കാലുകൾ നീട്ടി ഒന്നിനു മുകളിൽ ഒന്ന് വച്ച് കൊണ്ടുള്ള ഇരിപ്പ്. ഒറ്റനോട്ടത്തിൽ ഓരോ വിശ്രമിക്കുകയാണെന്നാണ് തോന്നിയിരുന്നത്. 40 വയസ് തോന്നിക്കുന്ന പൂർണ ആരോഗ്യവാനായ ഒരു പുരുഷന്റേതായിരുന്നു മൃതദേഹം. ക്ലീൻ ഷേവ് ചെയ്‌ത മുഖം, ചുവന്ന തലമുടി. വില കൂടിയ സ്യൂട്ടും മൃതദേഹത്തിലുണ്ടായിരുന്നു. അയാൾ ആരാണെന്ന് ആർക്കുമറിയില്ലായിരുന്നു. മൃതദേഹം കാണപ്പെട്ട ബിച്ചിന്റെ പേര് കൂടി ചേർത്ത് ആ അജ്ഞാത മനുഷ്യനെ 'സോമർടൺ മാൻ ' എന്ന് വിളിച്ചു. ഈ പേര് പിന്നീട് ഓസ്ട്രേലിയൻ പൊലീസ്, എഫ്.ബി.ഐ, സ്കോർട്ട്ലൻഡ് യാർഡ് തുടങ്ങി ലോകമെമ്പാടുമുള്ള കുറ്റാന്വേഷകരെയെല്ലാം വട്ടം ചുറ്റിക്കുന്ന ഒന്നായി മാറി.

the-somerton-man

 ആ പേർഷ്യൻ വാക്ക്...

സോമർടൺമാന്റെ സ്യൂട്ടിലെ പോക്കറ്റിൽ നിന്ന് ഓസ്ട്രേലിയയിൽ ലഭിക്കാത്തതരം വിലകൂടിയ ബ്രിട്ടീഷ് സിഗററ്റുകൾ കണ്ടെത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തെങ്കിലും മരണകാരണം കണ്ടെത്താനായില്ല. അഡെലെയ്ഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും സോമർടൺമാന്റെ സ്യൂട്ട് കേസ് കണ്ടെത്തിയെങ്കിലും അതിലെ ലേബൽ കീറിമാറ്റപ്പെട്ടിരുന്നു. അതോടെ ഇതൊരു സാധാരണ മരണമല്ലെന്ന് പൊലീസ് അനുമാനിച്ചു. ദിവസങ്ങൾക്ക് ശേഷം സോമർടൺമാന്റെ വസ്ത്രത്തിനുള്ളിലെ ഒരു രഹസ്യ പോക്കറ്റിൽ നിന്നും 'ടാമം ഷ‌ുഡ് ' എന്നെഴുതിയ ഒരു പേപ്പർ കിട്ടി. പേർഷ്യൻ വാക്കായ ഇതിന്റെ അർത്ഥം 'അവസാനം' എന്നാണ്. അതോടെ 'ടാമം ഷുഡ് കേസ് 'എന്ന് ഈ കേസ് അറിയാൻ തുടങ്ങി. ഒമർ ഖയ്യാമിന്റെ 'റുബായ്യാത്ത് ' എന്ന പുസ്‌തകത്തിൽ നിന്ന് കീറിയെടുത്തതായിരുന്നു ആ കുറിപ്പ്.

 റുബായ്യാത്ത് തേടി

തന്റെ കാറിന്റെ ബാക്ക് സീറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ റുബായ്യാത്തിന്റെ കോപ്പിയുമായി ഇതിനിടെ ഒരാൾ പൊലീസിനെ സമീപിച്ചു. ആ കോപ്പിയിൽ നിന്ന് കീറിയെടുത്ത ഭാഗം തന്നെയായിരുന്നു സോമർടൺമാനിൽ നിന്നും ലഭിച്ചതും. ആ ബുക്കിന്റെ പുറംചട്ടയിൽ കോഡ് ഭാഷയിൽ എഴുതിയ ഒരു ലിസ്റ്റും ജെസിക്ക എന്ന സ്ത്രീയുടെ ഫോൺ നമ്പറും ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് സിഡ്നിയിലെ ഒരു ആശുപത്രിയിൽ നഴ്സ് ആയിരുന്നു അവർ. അവരുടെ കൈയിലും റുബായ്യാത്തിന്റെ ഒരു കോപ്പി ഉണ്ടായിരുന്നെങ്കിലും സോമർടൺമാനെ അറിയില്ലെന്നായിരുന്നു മറുപടി. എന്നാൽ, മുമ്പ് താൻ പുസ്തകത്തിന്റെ ഒരു കോപ്പി ആൽഫ് ബോക്‌സൽ എന്ന ആർമി ഓഫീസറിന് നൽകിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. ആൽഫ് ആകാം സോമർടൺമാനെന്ന് കരുതിയെങ്കിലും ആൽഫ് ഓസ്ട്രേലിയയിൽ തന്നെ ഉണ്ടായിരുന്നു. ജെസിക്ക നൽകിയ കോപ്പിയും അയാളുടെ കൈയിൽ ഭദ്രം.

the-somerton-man

 റഷ്യൻ ചാരനോ ?

മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസം അതേ സ്ഥാനത്ത് സോമർടൺമാനുമായി സാദൃശ്യമുള്ള ഒരാൾ നിശ്ചലനായി ഇരിക്കുന്നത് കണ്ടതായി പലരും മൊഴി നൽകി. നൂറ്റാണ്ടിലെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഏറ്റവും വലിയ കേസുകളിൽ ഒന്നായ ഇതിന്റെ സത്യാവസ്ഥ കണ്ടെത്താൻ ലോകരാജ്യങ്ങൾ ഉൾപ്പെടെ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. അഡെലെയ്‌ഡിലെ വെസ്റ്റ് ടെറസ് സെമിത്തേരിയിലാണ് സോമർടൺ മാന്റെ മൃതദേഹം സംസ്കരിച്ചിരിക്കുന്നത്. സോമർടൺമാൻ ഒരു റഷ്യൻ ചാരനാണെന്ന് ചിലർ പറഞ്ഞു. അന്വേഷണോദ്യോഗസ്ഥർ ഒന്നുറപ്പിച്ച് പറയുന്നു. ഇയാൾ ഒരു സാധാരണ വ്യക്തിയല്ല. എങ്ങനെയാണ് സോമർടൺമാൻ മരിച്ചത്. ഇതൊരു കൊലപാതകം ആയിരുന്നോ ? ആർക്കുമറിയില്ല. ശരിക്കും സോമർടൺ മാനെന്ന രഹസ്യം ഇന്നും ഓസ്ട്രേലിയൻ മണ്ണിൽ ഒരു ദുരൂഹതയായി അവശേഷിക്കുന്നു.