ജനീവ: കൊവിഡ് കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ചും ലോകമെമ്പാടുമുള്ള സർക്കാരുകളുടെ പ്രതികരണത്തെ കുറിച്ചും അവലോകനം നടത്തുന്നതിനായി ഒരു സ്വതന്ത്ര പാനൽ രൂപീകരിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയിൽനിന്ന് പിന്മാറാനുളള തീരുമാനം യു.എസ് ഐക്യരാഷ്ട്രസഭയെ അറിയിച്ചതിന് പിറകെയാണ് സ്വതന്ത്രപാനൽ രൂപീകരിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
മുൻ ന്യൂസിലാൻഡ് പ്രധാനമന്ത്രി ഹെലൻ ക്ലാർക്, മുൻ ലൈബീരിയൻ പ്രസിഡന്റ് എലെൻ ജോൺസൺ സർലീഫ് എന്നിവർ പാനലിന് നേതൃത്വം നൽകാമെന്ന് സമ്മതിച്ചതായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗബ്രിയേസസ് അറിയിച്ചു. 'ലോകത്ത് എല്ലാവരേയും ബാധിച്ച ഈ മഹാമാരിയുടെ വ്യാപ്തിയെ കുറിച്ച് വ്യക്തമായ ഒരു വിലയിരുത്തലിന്റെ ആവശ്യമുണ്ട്. സത്യസന്ധമായ ഒരു വിലയിരുത്തൽ.' 194 അംഗരാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ വിർച്വൽ മീറ്റിംഗിൽ ടെഡ്രോസ് പറഞ്ഞു. നവംബറിൽ നടക്കുന്ന ആരോഗ്യമന്ത്രിമാരുടെ വാർഷിക സമ്മേളനത്തിൽ പാനൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. അടുത്ത മെയിലായിരിക്കും ഇതുസംബന്ധിച്ച പൂർണമായ റിപ്പോർട്ട് പാനൽ അവതരിപ്പിക്കുക. കൊവിഡ് വ്യാപനത്തിൽ ലോകാരോഗ്യ സംഘടനയുടെ നിലപാടുകളോട് കലഹിച്ചാണ് അമേരിക്ക കഴിഞ്ഞദിവസം സംഘടനയിൽനിന്ന് ഔദ്യോഗികമായി പിന്മാറിയത്.