ബെൽഗ്രേഡ്: രാജ്യത്ത് വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സെർബിയയിൽ പ്രതിഷേധം ശക്തമായി. ഇതിനെതിരെ കടുത്ത നിലപാടുകളെടുത്ത് പ്രസിഡന്റ് അലക്സാണ്ടർ വുസികും രംഗത്തെത്തി. തലസ്ഥാനമായ ബെൽഗ്രേഡിൽ ഒത്തു കൂടലും ജാഥയും പ്രതിഷേധ പരിപാടികളും നിരോധിച്ചുകൊണ്ടാണ് അലക്സാണ്ടർ വുസിക് പ്രതിഷേധക്കാരെ നേരിടുന്നത്. രാജ്യത്ത് കഴിഞ്ഞ ചൊവ്വാഴ്ച വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. കഴിഞ്ഞ രണ്ട് ദിവസമായി പാർലമെന്റിനു മുന്നിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടുകയാണ്. അതേസമയം, ഇന്നലെ സമാധാനപരമായ പ്രതിഷേധമാണ് പ്രകടനക്കാർ കാഴ്ചവച്ചത്.
പാർലമെന്റിനു മുന്നിൽ പ്ളക്കാർഡും പിടിച്ചിരുന്നാണ് പ്രതിഷേധക്കാർ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്. രാജ്യത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്താൻ വേണ്ടിയാണ് കഴിഞ്ഞ മാസം സെർബിയയിൽ ലോക്ഡൗൺ പിൻവലിച്ചത്. അന്ന് പ്രസിഡന്റിന്റെ ഏകാധിപത്യപരമായ നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ, അനുദിനം കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്നും ആശുപത്രികളുടെയും മറ്റ് ആരോഗ്യ സംവിധാനങ്ങളുടെയും അപര്യാപ്തത ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാണിച്ചതോടെയുമാണ് വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. സ്വേച്ഛാധിപതിയായ പ്രസിഡന്റിന്റെ ഭരണം പിടിച്ചെടുക്കാനുള്ള വ്യഗ്രതയാണ് രാജ്യത്തെ നിലവിലെ അവസ്ഥയിലേക്ക് തള്ളിവിട്ടതെന്നാണ് സമരക്കാർ പറയുന്നത്.
തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് വുസിക്കിന്റെ പാർട്ടി വിജയിച്ചതിന്റെ ആഘോഷ ചടങ്ങിൽ പങ്കെടുത്ത പ്രസിഡന്റിന്റെ ഉപദേശകനടക്കം പല ഉന്നത ഉദ്യോഗസ്ഥർക്കും പിന്നീട് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല, ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ ഫുട്ബാൾ മത്സരങ്ങളും മറ്റും നടത്താൻ സർക്കാർ അനുവാദം നൽകിയിരുന്നു. രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആരോഗ്യ വ്യവസ്ഥിതിയെ സാരമായി ബാധിക്കുന്നതിനാലാണ് ലോക്ക്ഡൗൺ കൊണ്ടുവന്നതെന്നും അതിൽ പ്രതിഷേധിക്കുന്നതിന്റെ കാരണം മനസിലാകുന്നില്ല എന്നാണ് ആരോഗ്യമന്ത്രി അന ബർനാബിക് പറയുന്നത്. അതേസമയം, രാജ്യത്തെ കൊവിഡ് വ്യാപനം ക്രമാതീതമാകുകയാണ്. ആകെ 17,342 കൊവിഡ് രോഗികളാണ് സെർബിയയിലുള്ളത്. 352 പേർ മരണത്തിന് കീഴടങ്ങി.