മലപ്പുറം: പൊന്നാനി താലൂക്ക് പരിധിയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അർദ്ധരാത്രി മുതലാണ് നിരോധനാജ്ഞ നിലവിൽ വരുന്നത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിരോധനാജ്ഞ തുടരും. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനാൽ നേരത്തേ തന്നെ ഇവിടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിരുന്നു.
മലപ്പുറം ജില്ലയിൽ 55 പേർക്കുകൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പൊന്നാനിയിലെ സബ്ട്രഷറിയിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ട്രഷറിയുടെ പ്രവർത്തനം നിറുത്തിവച്ചിരുന്നു. ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെ തിരൂരങ്ങാടി നഗരസഭാ ഓഫീസും അടച്ചിരുന്നു.