കാൺപൂർ:ഉത്തർപ്രദേശിൽ ഒരാഴ്‌ച മുമ്പ് എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും, കൊടുംകുറ്റവാളിയുമായ വികാസ് ദുബെയെ ( 48 ) പൊലീസ് വെടി വച്ചു കൊന്നു.
ഇന്നലെ രാവിലെ കാൺപൂരിലേക്ക് കൊണ്ടുപോകുമ്പോഴുണ്ടായ 'വാഹനാപകടത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴായിരുന്നു ' കൊലപ്പെടുത്തൽ. ഇയാളുടെ അഞ്ച് കൂട്ടാളികളെ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് വധിച്ചിരുന്നു. വാഹനാപകടം പൊലീസിന്റെ നാടകമാണെന്നും , ദുബെയുടെ രാഷ്‌ട്രീയ ബന്ധങ്ങൾ മറയ്‌ക്കാൻ വ്യാജ ഏറ്റുമുട്ടലിൽ വധിച്ചതാണെന്നും ആക്ഷേപമുണ്ട്.
വ്യാഴാഴ്‌ച രാവിലെ മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ അറസ്റ്റിലായ വികാസ് ദുബെയെ പ്രത്യേക ദൗത്യസംഘം ഇന്നലെ കാൺപൂരിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. പൊലീസിന്റെ വാഹനവ്യൂഹം ശക്തമായ മഴയത്ത് വേഗതയിൽ പോകുമ്പോൾ വികാസ് ദുബെയെ കയറ്റിയ വാഹനം മറിഞ്ഞെന്നും ,രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഏറ്റുമുട്ടലിൽ വധിച്ചെന്നുമാണ് പൊലീസിന്റെ ഭാഷ്യം. അപകടത്തിൽ നാല് പൊലീസുകാർക്കും വികാസ് ദുബെയ്‌ക്കും പരിക്കേറ്റു. മറിഞ്ഞ വാഹനത്തിൽ നിന്ന് പുറത്തിറക്കിയ ദുബെ പരിക്കേറ്റ ഒരു പൊലീസുകാരന്റെ പിസ്റ്റൽ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. നാല് വശത്തുനിന്നും വളഞ്ഞ പൊലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ, ദുബെ പൊലീസിന് നേർക്ക് വെടിവച്ചു. പൊലീസ് ആത്മരക്ഷാർത്ഥം തിരിച്ച് വെടിവച്ചതിൽ നെഞ്ചിലും കൈയിലും വെടിയേറ്റ ദുബെയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണടഞ്ഞു.അഞ്ച് പൊലീസുകാർക്കും പരിക്കേറ്റു.''- കാൺപൂർ വെസ്റ്റ് എസ്. പി അനിൽ കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
റോഡരികിൽ മറിഞ്ഞ വാഹനത്തിന്റെയും ചോരയിൽ കുളിച്ച വികാസ് ദുബെയെ ആശുപത്രിയിലേക്ക് സ്‌ട്രെച്ചറിൽ കിടത്തി കയറ്റുന്നതിന്റെയും ചിത്രങ്ങൾ വൈറലായി.