തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് രൂക്ഷതയേറി. 416 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 204 പേർക്ക് രോഗം സമ്പർക്കത്തിലൂടെയാണ്.രോഗബാധിതരിൽ 123പേർ വിദേശരാജ്യങ്ങളിൽ നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 51പേരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 112 പേർക്കാണ് രോഗമുക്തിയുണ്ടായത്.സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരെക്കാൾ കൂടുതലാണ് സമ്പർക്കം പുലർത്തിയവരുടെ എണ്ണം.സമ്പർക്കരോഗികൾ ആകെ 20.64% ആയി. ഇത് അപകടകരമായ സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് കേസുകളിൽ ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത് തന്നെയാണ് 129 പേർ. ആലപ്പുഴ 50,മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട്- കൊല്ലം ജില്ലകൾ 28, കണ്ണൂർ 23, എറണാകുളം 20, കാസർഗോഡ്-തൃശ്ശൂർ 17,ഇടുക്കി-കോഴിക്കോട് 12, കോട്ടയം7. ഐ.ടി.ബി.പിയുടെ 35 പേർക്കും,സി.ഐ.എസ്.എഫ്-1,ബി.എസ്.എഫ്-2 എന്നിങ്ങനെ വീതവും രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരത്ത് അഞ്ച് ക്ളസ്‌റ്ററുകളാണുളളത്. ഒരു പ്രത്യേക പ്രദേശത്ത് അൻപതിലധികം രോഗികൾ ഉണ്ടാകുമ്പോഴാണ് ക്ളസ്‌റ്ററുകളാകുന്നത്. തിരുവനന്തപുരം നഗരത്തിലെ മൂന്ന് വാർഡുകൾ ലാർജ് കമ്മ്യൂണിറ്റി ക്ളസ്‌റ്ററുകളാണ്. 129 പേർ ജില്ലയിൽ രോഗം ബാധിച്ചതിൽ 105 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റൊരു ലാർജ് കമ്മ്യൂണിറ്റി ക്ളസ്‌റ്റർ പൊന്നാനിയിലാണ്.
സംസ്ഥാനത്ത് 193 ഹോട്ട്‌സ്പോട്ടുകളാണ് ആകെയുളളത്. 24 മണിക്കൂറിൽ സംസ്ഥാനത്ത് 11693 സാംപിളുകൾ പരിശോധിച്ചു.1,84,112 പേരാണ് നിരീക്ഷണത്തിലുളളത്. ഇക്കൂട്ടത്തിൽ 3517 പേർ നിരീക്ഷണത്തിലാണ്. ഇന്ന് 472 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.