kaduva

ഷാജി കൈലാസ് - പൃഥ്വിരാജ് ചിത്രം 'കടുവ'യുടെ പുത്തൻ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രം അക്കൗണ്ടുകളിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജിനു വി. എബ്രഹാം ആണ്.യഥാര്‍ത്ഥ കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് 'കടുവ' വരുന്നത്. പൃഥ്വി അച്ചായൻ ലുക്കിലെത്തുന്ന ചിത്രത്തിൽ തൊണ്ണൂറുകളിലെ കഥാപശ്ചാത്തലമാണ്.ചിത്രത്തിന്റെ ഛായാഗ്രഹണം രവി കെ. ചന്ദ്രന്‍. ഗജിനി, മൈ നെയിം ഈസ് ഖാന്‍, ഭാരത് ആനെ നേനു, ആദിത്യ വര്‍മ തുടങ്ങിയ വമ്പന്‍ സിനിമകള്‍ക്കു ശേഷം രവി ക്യാമറ ചെയ്യുന്ന സിനിമയാണ് 'കടുവ'. ആദം ജോണ്‍, ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിനുവും പൃഥ്വിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാകും ഇത്.

പൃഥ്വിയുടെ മാസ് ലുക്കിനൊപ്പം തന്നെ വിവാദങ്ങളിലും ഇടം പിടിക്കുകയാണ് 'കടുവ'.പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് സംവിധായകന്‍ ജിനു എബ്രാഹാമാണ് 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' എന്ന സുരേഷ് ഗോപി കഥാപാത്രത്തിനും അദ്ദേഹത്തിന്റെ ഇരുനൂറ്റി അന്‍പതാം ചിത്രത്തിനുമെതിരെ കേസ് കൊടുത്തിരുന്നു. കേസ് പരിഗണിച്ച കോടതി സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണം സ്റ്റേ ചെയ്തു.'കടുവ'യുടെ ഓരോ സീനും തിരക്കഥയും പകര്‍പ്പവകാശ നിയമ പ്രകാരം റജിസ്റ്റര്‍ ചെയ്തിരുന്നു. ഈ രേഖകളുടെ കൂടി അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി ചിത്രത്തിന് എറണാകുളം ജില്ലാ കോടതി സ്റ്റേ ഏര്‍പ്പെടുത്തിയത്. ചിത്രത്തിന് 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' എന്ന കഥാപാത്രത്തിന്റെ പേരില്‍ പ്രചാരണം നടത്തുന്നതിനും വിലക്കുണ്ട്.

'കടുവ' എന്ന സിനിമയില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരും 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' എന്നു തന്നെയാണ്. ഇതിനു പുറമേ സുരേഷ് ഗോപി ചിത്രത്തിലെ മറ്റ് പല കഥാപാത്രങ്ങളുടെ പേരും തന്റെ സിനിമയിലേതു തന്നെയാണെന്നു ജിനു എബ്രാഹാം ആരോപിക്കുന്നു. 'കടുവ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പൊലീസുകാരെ ഇടിച്ച് വീഴ്ത്തിയശേഷം പൊലീസ് ജീപ്പിനു മുകളില്‍ ഇരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രമാണ്. സുരേഷ് ഗോപിയുടെ പോസ്റ്ററും സമാനമായ തരത്തില്‍ ജീപ്പിനു മുകളിലിരിക്കുന്നതാണ്.സുരേഷ് ഗോപിയുടെ ഇരുനൂറ്റിയന്‍പതാം ചിത്രമെന്ന നിലയില്‍ 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.