മുംബയ് : തന്റെ 71-ാം പിറന്നാൾ ആഘോഷിക്കാൻ മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്കർ കണ്ടെത്തിയ വഴി ആരാധകരുടെ ഹൃദയം കവർന്നു. മുംബയ് ശ്രീ സത്യസായി സഞ്ജീവനി ഹോസ്പിറ്റലിലെ 35 കുരുന്നുകൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിക്കൊടുക്കാനാണ് ഗാവസ്കറുടെ തീരുമാനം.
ശസ്ത്രക്രിയയുടെ ഭാരിച്ച ചെലവു താങ്ങാൻ നിർവാഹമില്ലാത്ത മാതാപിതാക്കളുടെ കുരുന്നുകൾക്കാണ് ലിറ്റിൽ മാസ്റ്ററുടെ സഹായം. ഇന്ത്യയ്‌ക്കായി നേടിയ സെഞ്ചുറികളുടെ എണ്ണമെന്ന നിലയിലാണ് 35 കുട്ടികളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷവും ജന്മദിനത്തോട് അനുബന്ധിച്ച് ഗാവസ്കർ സമാനമായ സഹായം പ്രഖ്യാപിച്ചിരുന്നു.ഹൃദോഗികളായ കുരുന്നുകൾക്ക് വേണ്ടിയുള്ള ഹാർട്ട് ടു ഹാർട്ട് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ഭാരവാഹികൂടിയാണ് ഗാവസ്കർ.
‘ കൊച്ചുകുട്ടികൾ പ്രത്യേക പരിഗണന അർഹിക്കുന്നുണ്ട്. എല്ലാ കുടുംബങ്ങളുടെയും സന്തോഷം കുഞ്ഞുങ്ങളാണ്. സുന്ദരമായൊരു ഭാവിയിലേക്കുള്ള പ്രതീക്ഷ കൂടിയാണ് അവർ’ – ഗാവസ്കർ പറഞ്ഞു.
കഴിഞ്ഞ വർഷം ജന്മനാ ഹൃദയത്തകരാറുള്ള 600 കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയയ്ക്കു സാമ്പത്തികസഹായം തേടി ഗാവസ്കർ യുഎസ് പര്യടനം നടത്തിയിരുന്നു. ഹാർട്ട് ടു ഹാർട്ട് ഫൗണ്ടേഷന്റേതായിരുന്നു സഹായപദ്ധതി.
ഗാവസ്കർ, 71 *
1949 ജൂലൈ 10നു മുംബൈയിലാണു ഗാവസ്കർ ജനിച്ചത്.
രണ്ടു പതിറ്റാണ്ടുകാലം ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മനായി നിറഞ്ഞുനിന്നു.
1970–കളിലും എൺപതുകളിലും ബാറ്റുകൊണ്ട് ഒരുപിടി വിജയങ്ങളിലേക്ക് ഇന്ത്യയെ നയിച്ച ഗാവസ്കർ ‘സണ്ണി,’ എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടത്.
ടെസ്റ്റിൽ ഗാവസ്കർ സൃഷ്ടിച്ച റെക്കോർഡുകൾ മിക്കതും പിന്നീട് സച്ചിനാണ് മറികടന്നത്
ടെസ്റ്റിൽ ആദ്യമായി 10,000 റൺസ് തികച്ച ബാറ്റ്‌സ്മാൻ, കൂടുതൽ സെഞ്ചുറിയും അർധസെഞ്ചുറിയും നേടിയ ബാറ്റ്‌സ്‌മാൻ, ഏറ്റവും കൂടുതൽ റൺസ് നേടിയ താരം, കൂടുതൽ ടെസ്‌റ്റുകൾ കളിച്ച താരം എന്നീ ബഹുമതികൾ ഏറെക്കാലം ഗാവസ്കറിന്റെ പേരിലായിരുന്നു.
1971ലെ വെസ്റ്റിൻഡീസ് പര്യടനത്തിലൂടെയാണ് ടെസ്റ്റ് അരങ്ങേറ്റം.
125 ടെസ്റ്റുകളിൽനിന്നായി 10,122 റൺസ്, 34 സെഞ്ചുറി, 45 അർധസെഞ്ചുറി.
108 ഏകദിനങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയടക്കം 3092 റൺസ്.
കിരീടം നേടിയ1983ലേത് ഉൾപ്പെടെ ആദ്യ നാല് ഏകദിന ലോകകപ്പുകളിലും ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.