ന്യൂഡൽഹി: കൊവിഡ് മൂലം പ്രതിസന്ധിയിലായ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തേകാനുള്ള പണസമ്പാദനത്തിനായി കേന്ദ്രസർക്കാർ വീണ്ടും പൊതുമേഖലാ ഓഹരി വില്പന സജീവമാക്കുന്നു. ലോകത്തെ ഏറ്രവും വലിയ കൽക്കരി ഖനന കമ്പനിയായ കോൾ ഇന്ത്യയിലും ഐ.ഡി.ബി.ഐ ബാങ്കിലും സർക്കാരിനുള്ള ഓഹരി പങ്കാളിത്തം കുറച്ച് 20,000 കോടി രൂപ സമാഹരിക്കാനാണ് പുതിയ നീക്കം.
ഐ.ഡി.ബി.ഐ ബാങ്കിൽ സർക്കാരിന് 47 ശതമാനം ഓഹരികളുണ്ട്. കോൾ ഇന്ത്യയിൽ 66 ശതമാനവും. 2015 ജനുവരിയിൽ കോൾ ഇന്ത്യയിലെ ഓഹരി പങ്കാളിത്തത്തിൽ 10 ശതമാനം വിറ്റഴിച്ച് കേന്ദ്രം 22,550 കോടി രൂപ നേടിയിരുന്നു. പൊതുമേഖലാ ലൈഫ് ഇൻഷ്വറൻസ് കമ്പനിയായ എൽ.ഐ.സിക്ക് ഐ.ഡി.ബി.ഐ ബാങ്കിൽ 51 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. വിപണിയുടെ നിലവിലെ ട്രെൻഡ് അനുസരിച്ചായിരിക്കും ഓഹരി വില്പന. കോൾ ഇന്ത്യയ്ക്ക് കേന്ദ്രം പ്രതീക്ഷിക്കുന്ന പ്രതികരണം ലഭിച്ചില്ലെങ്കിൽ, ഓഹരി വില്പന നീളും. അല്ലെങ്കിൽ, സർക്കാരിന്റെ പക്കലുള്ള ഓഹരികൾ കൂടി കമ്പനി തിരിച്ചുവാങ്ങും (ബൈ ബാക്ക്).
ലക്ഷ്യം വലുത്; പ്രതിസന്ധിയും!
₹2.1 ലക്ഷം കോടി
നടപ്പു സാമ്പത്തിക വർഷം പൊതുമേഖലാ ഓഹരി വില്പനയിലൂടെയും എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പനയിലൂടെയും (ഐ.പി.ഒ) 2.1 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് കേന്ദ്ര ലക്ഷ്യം.
3.5%
നടപ്പുവർഷം ധനക്കമ്മി ജി.ഡി.പിയുടെ 3.5 ശതമാനത്തിൽ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് പൊതുമേഖലാ ഓഹരി വില്പന.
എയർ ഇന്ത്യയും
ബി.പി.സി.എല്ലും
എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ബി.പി.സി.എല്ലിൽ സർക്കാരിനുള്ള 52.98 ശതമാനം ഓഹരികളും വിറ്റൊഴിയാനുള്ള നടപടികൾക്കും കേന്ദ്രം തുടക്കമിട്ടിട്ടുണ്ട്.
7%
കൊവിഡ് പ്രതിസന്ധി മൂലം സമ്പദ്വ്യവസ്ഥ നിർജീവമായതിനാൽ നടപ്പുവർഷം ധനക്കമ്മി ജി.ഡി.പിയുടെ 7 ശതമാനമായി ഉയർന്നേക്കുമെന്ന് വിലയിരുത്തലുണ്ട്. 1994ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായിരിക്കും അത്.
85.7%
രാജ്യത്തിന്റെ പൊതുകടം ജി.ഡി.പിയുടെ 85.7 ശതമാനമായേക്കും ഈ വർഷം. നിലവിൽ ഇത് 70 ശതമാനമാണ്.