vice-president-of-india

തിരുവനന്തപുരം: കൊവിഡിനെ പ്രതിരോധിക്കാൻ രാജ്യത്തെ മാദ്ധ്യമപ്രവർത്തകർ സ്തുത്യർഹമായ സേവനമാണ് അനുഷ്ഠിക്കുന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. ജനങ്ങളെ ബോധവത്കരിക്കാനും ശാക്തീകരിക്കാനും മാദ്ധ്യമങ്ങൾ നല്ല പങ്ക് വഹിക്കുന്നു. കൊവിഡ് രക്തസാക്ഷികളായ മാദ്ധ്യമപ്രവർത്തകർക്ക് ദൂരദർശനിലൂടെ കേരള മീഡിയ അക്കാഡമി അർപ്പിക്കുന്ന പ്രണാമം പരിപാടിയിലെ സന്ദേശത്തിലാണ് ഉപരാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.

മഹാമാരിയെ പ്രതിരോധിക്കാൻ ജനങ്ങളെയും സർക്കാരുകളെയും ബന്ധിപ്പിക്കുന്ന കണ്ണികളായി പ്രവർത്തിക്കുകയാണ് മാദ്ധ്യമപ്രവർത്തകർ. ശരിയായ വിവരങ്ങൾ നൽകുന്നതിനൊപ്പം വ്യാജവാർത്തകൾ തുറന്നുകാട്ടുന്നു. മൺമറഞ്ഞ മാദ്ധ്യമപ്രവർത്തകരുടെ അനുകരണീയമായ കർമ്മോത്സുകതയും തൊഴിലിനോടുള്ള ആത്മാർത്ഥതയും മറക്കാൻ പാടില്ലെന്നും ഉപരാഷ്ട്രപതി ഓർമ്മിപ്പിച്ചു. കർത്തവ്യ നിർവഹണത്തിനിടയിൽ പ്രാണൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെയും സഹപ്രവർത്തകരെയും ഉപരാഷ്ട്രപതി അനുശോചനം അറിയിച്ചു. ഗവർണർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരും കലാ-സാംസ്‌കാരിക- രാഷ്ട്രീയ-മാദ്ധ്യമ രംഗത്തെ പ്രമുഖരും സന്ദേശങ്ങൾ നൽകി. 35 രാജ്യങ്ങളിലായി ഇരുനൂറിലധികം മാദ്ധ്യമപ്രവർത്തകർ കൊവിഡിനിരയായി മരിച്ചു. ഇന്ത്യയിൽ മരിച്ചത് 10 പേരാണ്.