സോൾ : ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോൾ നഗരത്തിലെ മേയറെ മരിച്ച നിലയിൽ കണ്ടെത്തി. 64 കാരനായ പാർക് വോൺ സൂനാണ് മരിച്ചത്. വ്യാഴാഴ്ചയോടെ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒരു കത്തെഴുതി വീട്ടിൽ വച്ചിട്ടാണ് വോൺ സൂനിനെ കാണാതായതെന്ന് മകൾ പൊലീസിനെ അറിയിച്ചിരുന്നു. വടക്കൻ സോളിലെ ബൂഗാക് മലനിരകളിൽ നിന്നാണ് വോൺ സൂനിന്റെ മൃതദേഹം കണ്ടെത്തിയത്. മൊബൈൽ ഫോണിന്റെ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം പുറത്തുവിട്ടിട്ടില്ല. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം.
' എന്നോട് എല്ലാവരും ക്ഷമിക്കണം. ഇത്രയും നാൾ എന്റെ ജീവിതത്തിൽ എന്നോടൊപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദി' എന്നായിരുന്നു ആത്മഹത്യാ കുറിപ്പ്. വോൺ സൂനിനെ കാണാതാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇദ്ദേഹത്തിനെതിരെ ഒരു സഹപ്രവർത്തക ലൈംഗിക അതിക്രമത്തിനെതിരെ പരാതി നൽകിയിരുന്നു. വ്യാഴാഴ്ച ഉന്നത ഉദ്യോഗസ്ഥരുമായി നടക്കേണ്ടിയിരുന്ന ഒരു മീറ്റിംഗ് വോൺ സൂൻ റദ്ദാക്കിയിരുന്നു.
2011ലാണ് വോൺ സൂനിനെ ആദ്യമായി സോൾ മേയറായി തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം ജൂണിൽ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നിന്റെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി അംഗമായ വോൺ സൂനിനെ 2022ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥിയായി പരിഗണിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. അഭിഭാഷകനായ വോൺ സൂൻ മനുഷ്യാവകാശ പ്രവർത്തന രംഗങ്ങളിലും സജീവമായിരുന്നു.