sasi

ചെന്നൈ: അടുത്തമാസം ശിക്ഷ കഴിഞ്ഞ് റിലീസാകുന്ന ശശികലയ്ക്ക് എ.ഐ.എ.ഡി.എം.കെ പാർട്ടിയിൽ ഒരു സ്ഥാനവുമുണ്ടാകില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് ഫിഷറീസ് മന്ത്രിയും പാർട്ടിയുടെ മുതിർന്ന നേതാവുമായ ഡി. ജയകുമാർ. ഇതോടെ ശശികലയുടെ തിരിച്ചുവരവിൽ പാർട്ടിയിലുള്ള ഭിന്നത പുറത്തായിരിക്കുകയാണ്.

'ശശികല ആഗസ്റ്റ് 14ന് പുറത്തിറങ്ങും. അടുത്ത നടപടിക്കായി കാത്തിരിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് ആശിർവാദം ആചാരി ജൂൺ 25ന് ഒരു ട്വീറ്റിട്ടിരുന്നു. അതിന് പിന്നാലെ എ.ഐ.എ.ഡി.എം.കെ മന്ത്രി സഭയിലെ പ്രധാനി ഒ.എസ് മണിയൻ പിന്തുണയുമായി രംഗത്തെത്തി.

ജയിൽ മോചിതയായാൽ ശശികലയാകും പാർട്ടിയെ നയിക്കുകയെന്നാണ് മണിയൻ വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് അത് മണിയന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടിക്ക് അത്തരമൊരു അഭിപ്രായമില്ലെന്നും പറഞ്ഞ് ഡി.ജയകുമാർ എത്തിയത്.

'ശശികല വിഷയത്തിൽ മുമ്പ് തന്നെ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ന് എന്നല്ല മുന്നോട്ടും ശശികലയ്ക്കോ അവരുടെ കുടുംബത്തിനോ പാർട്ടിയിൽ ഒരു സ്ഥാനവും ഉണ്ടായിരിക്കില്ല' എന്നാണ് ജയകുമാർ പറഞ്ഞത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ 2017 ഫെബ്രുവരി 15 മുതൽ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് ശശികല.