capital

തിരുവനന്തപുരം: തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഓൺലൈൻ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. തിരുവനന്തപുരത്ത് സാമൂഹിക വ്യാപനമില്ലെന്നും സൂപ്പർ സ്‌പ്രെഡ്‌ മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ട്രിപ്പിൾ ലോക്ക് ഡൗൺ അതിവ്യാപനമുള്ള സ്ഥലങ്ങളിൽ മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തലസ്ഥാനത്ത് കൊവിഡ് സാഹചര്യം അതിരൂക്ഷമായി തന്നെ തുടരുകയാണ്. ഇന്ന് മാത്രം ജില്ലയിൽ 129 പേരിലാണ് കൊവിഡ് ബാധ കണ്ടെത്തിയത്. ഇതിൽ 105 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നതെന്ന വസ്തുതയും ആശങ്ക വർദ്ധിപ്പിക്കുന്നു.

തീരദേശ പ്രദേശമായ പൂന്തുറയിൽ സ്ഥിതി ഇപ്പോഴും അതിരൂക്ഷമായി തന്നെ തുടരുകയാണ്. തിരുവനന്തപുരത്ത് അഞ്ച് ക്ളസ്‌റ്ററുകളാണുള‌ളതെന്നും ഒരു പ്രത്യേക പ്രദേശത്ത് അൻപതിലധികം രോഗികൾ ഉണ്ടാകുമ്പോഴാണ് ക്ളസ്‌റ്ററുകളാകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.