സൂറിച്ച് : കൊവിഡ് കാരണം പാതിവഴിയിൽ നിറുത്തേണ്ടി വന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ , സെമി ഫൈനൽ ഫിക്സചറിന്റെ നറുക്കെടുപ്പ് ഇന്നലെ നടന്നു.മാർച്ചിൽ രണ്ടാം പാദ പ്രീ ക്വാർട്ടർ ഫൈനലുകൾ നടന്നുകൊണ്ടിരിക്കവേയാണ് ലീഗ് നിറുത്തിവയ്ക്കേണ്ടി വന്നത്.
ലിസ്ബണിൽ വച്ച് ക്വാർട്ടർ മുതൽ ഒരു പാദമത്സരം മാത്രമുള്ള ടൂർണമെന്റ് മാതൃകയിൽ ലീഗ് നടത്തിത്തീർക്കാനാണ് സംഘാടകരുടെ തീരുമാനം.അതിന്മുമ്പ് അവശേഷിക്കുന്ന രണ്ടാം പാദ പ്രീക്വാർട്ടർ ഫൈനലുകൾ ഇവിടെ വച്ചുതന്നെ നടത്തും. അതിൽ വിജയികളാകുന്ന ടീമുകളെ ഉൾക്കൊള്ളിച്ചാണ് ക്വാർട്ടർ നടത്തുക.
നാലുടീമുകൾ മാത്രമാണ് ഇരുപാദ പ്രീക്വാർട്ടർ മത്സരങ്ങളും പൂർത്തിയാക്കി ക്വാർട്ടർ ഉറപ്പിച്ചിരിക്കുന്നത്. ഇറ്റാലിയൻ ക്ളബ് അറ്റലാന്റ,ജർമ്മൻ ക്ളബ് ലെയ്പ്സിഗ്,സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ,ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജി എന്നിവരാണ് ക്വാർട്ടറിലെത്തിയവർ. റയൽ മാഡ്രിഡ്,യുവന്റസ്, ബാഴ്സലോണ ബയേൺ മ്യൂണിക്ക്,ഒളിമ്പിക് ലിയോൺ,മാഞ്ചസ്റ്റർ സിറ്റി,ചെൽസി, നാപ്പോളി എന്നിവരുടെ ഭാവി അറിയാനിരിക്കുന്നതേയുള്ളൂ.
യുവന്റും ലിയോണും തമ്മിലുള്ള പ്രീ ക്വാർട്ടർ വിജയികൾ ആദ്യ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും തമ്മിലുള്ള പോരാട്ടത്തിലെ വിജയികളെ നേരിടും. ആദ്യപാദത്തിൽ ലിയോൺ 1-0ത്തിനും മാഞ്ചസ്റ്റർ സിറ്റി2-1നും ലീഡ് ചെയ്യുകയാണ്.
ലെയ്പ്സിഗും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലാണ് രണ്ടാം ക്വാർട്ടർ ഫൈനൽ.
ബാഴ്സലോണയും നാപ്പോളിയും തമ്മിലുള്ള പ്രീക്വാർട്ടർ പോരാട്ടവിജയികൾ മൂന്നാം ക്വാർട്ടർ ഫൈനലിൽ ചെൽസിയും ബയേണും തമ്മിലുള്ള പോരാട്ടത്തിലെ വിജയികളെ നേരിടും. ആദ്യ പാദത്തിൽ ബയേണിന് 3-0ത്തിന്റെ ലീഡുണ്ട്. ബാഴ്സ നാപ്പോളിയുമായി 1-1ന് സമനിലയിലാണ് പിരിഞ്ഞത്.
നാലാം ക്വാർട്ടർ ഫൈനലിൽ അറ്റലാന്റയും പാരീസ് എസ്.ജിയും ഏറ്റുമുട്ടും.
ആഗസ്റ്റ് 7,8 തീയതികളിലായാണ് രണ്ടാം പാദ പ്രീക്വാർട്ടർ മത്സരങ്ങൾ പൂർത്തിയാക്കുക.
ആഗസ്റ്റ് 12നും 15നും ഇടയിലാണ് ക്വാർട്ടർഫൈനലുകൾ നടക്കുക.
ആഗസ്റ്റ് 18-19 തീയതികളിൽ സെമിഫൈനലും 23ന് ഫൈനലും നടക്കും.
ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ
റയൽ മാഡ്രിഡ്/ മാഞ്ചസ്റ്റർ സിറ്റി Vs യുവന്റസ്/ ലിയോൺ
ലെയ്പ്സിംഗ് Vs അത്‌ലറ്റിക്കോ മാഡ്രിഡ്
ബാഴ്സലോണ/ നാപ്പോളി Vs ചെൽസി / ബയേൺ മ്യൂണിക്ക്
അറ്റലാന്റ Vs പാരീസ് എസ്.ജി
ഒറ്റ വേദി,
ലിസ്ബൺ
ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലേക്ക് ചാമ്പ്യൻസ് ലീഗ് ഫൈനൽ ഉൾപ്പടെയുള്ള എല്ലാമത്സരങ്ങളും മാറ്റിയിരിക്കുന്നത്. നേരത്തേ ഇസ്താംബുളിലായിരുന്നു ഫൈനൽ നിശ്ചയിച്ചിരുന്നത്. അടുത്ത സീസൺ ഫൈനൽ ഇസ്താംബുളിന് പകരമായി അനുവദിച്ചിട്ടുണ്ട്. ഇക്കുറി ക്വാർട്ടർ മുതൽ പതിവ് രീതിയിലെ ഹോം ആൻഡ് എവേ മത്സരങ്ങൾ ഇല്ല.
നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും കഴിഞ്ഞ സീസണിലെ റണ്ണർ അപ്പുകളായ ടോട്ടൻഹാമും ഇക്കുറി പ്രീ ക്വാർട്ടറിൽ പുറത്തായി.
യൂറോപ്പ ലീഗിനും ഫിക്സ്ചറായി
പ്രീ ക്വാർട്ടർ ഫൈനൽ ആദ്യ പാദം പിന്നിട്ടപ്പോൾ നിറുത്തി വയ്ക്കേണ്ടി വന്ന രണ്ടാം ഡിവിഷൻ ലീഗായ യൂറോപ്പ ലീഗിന്റെ ശേഷിക്കുന്ന മത്സരങ്ങളുടെ ഫിക്സ്ചറും പുറത്തിറക്കി. ജർമ്മനിയിൽ ആഗസ്റ്റ് 10 മുതലാണ് യൂറോപ്പ ലീഗ് പുനരാരംഭിക്കുന്നത്.