pic

കാൺപൂർ: ഡി.എസ്.‌പി ഉൾപ്പെടെ ഏട്ട് പൊലീസുകാരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി വികാസ് ദുബെ ഏറ്റുമുട്ടലിൽ കൊലപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി പൊലീസ്. വാഹനാപകടത്തെ തുടർന്ന് രക്ഷപ്പെട്ടോടിയ വികാസിനെ പിന്തുടർന്ന് പിടിക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രതിയെ ജീവനോടെ തന്നെ പിടിക്കാനാണ് ശ്രമിച്ചതെന്നും സ്വയരക്ഷക്കായാണ് വെടിയുതിർത്തതെന്നും സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

വികാസുമായി എസ്.ടി.എഫ് സംഘം കാൺപൂർ കോടതിയിലേക്ക് പോകുകയായിരുന്നു. വഴിയിൽ വച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് വികാസ് രാമകാന്ത് പച്ചൗരി എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കെെയിൽ നിന്നും തോക്ക് തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. വികാസിനെ പിടികൂടാൻ പിന്നാലെയെത്തിയ പൊലീസുകാർക്ക് നേരെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഒരു സർവീസ് പിസ്റ്റലും രണ്ട് വെടിയുണ്ട ഷെല്ലുകളും പൊലീസ് കണ്ടെടുത്തു.

വികാസുമായി വരുമ്പോൾ റോഡിലേക്ക് ഒരു കൂട്ടം കന്നുകാലികൾ കയറി വന്നുവെന്നും അവയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനാപകടമുണ്ടായതെന്നും പൊലീസ് വ്യക്തമാക്കി. രാമകാന്ത് പച്ചൗരി, പങ്കജ് സിംഗ്, അനൂപ് സിംഗ്, സത്യവീർ, പ്രദീപ് കുമാർ, എന്നീ പൊലീസ് ഉദ്യോഗസ്ഥരാണ് വികാസിനൊപ്പം വാഹനത്തിലുണ്ടായിരുന്നത്. വാഹനാപകടമുണ്ടായതിന് പിന്നാലെ അവസരം മുതലെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച വികാസിനെ ഡി‌.എസ്‌.പി തേജ് ബഹാദൂർ സിംഗിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിന്തുടർന്നുവെങ്കിലും ഇയാൾ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിൽ പരിക്കേറ്റ ഹിവേന്ദ്ര സിംഗ് സെംഗർ, വിമൽ യാദവ് എന്നീ പൊലീസുകാർ ആശുപത്രിയിൽ ചികിത്സയിലാണ്.