isis-connection

ന്യൂഡൽഹി: തിരുവനന്തപുരത്തെ സ്വർണക്കടത്തിന് ഐസിസ് ബന്ധമുള്ളതായി സൂചനകൾ ലഭിച്ചത് കാരണമാണ് കേസ് എൻ.ഐ.എയ്ക്ക് കൈമാറാൻ തീരുമാനിച്ചതെന്ന് കേന്ദ്ര സർക്കാർ ഉന്നത വൃത്തങ്ങൾ. രഹസ്യാന്വേഷണ ഏജൻസികളാണ് കേന്ദ്ര സർക്കാരിനെ ഈ വിവരം ധരിപ്പിച്ചത്. ഐസിസ് റിക്രൂട്ട്മെന്റിന് ആവശ്യമായ പണം കള്ളക്കടത്തിലൂടെയാണ് വരുന്നുവെന്നും സൂചനയുണ്ട്.

സമാനമായി കേരളത്തിൽ നിന്നും ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവർക്കും കള്ളക്കടത്തുമായി ബന്ധമുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു.അന്വേഷണത്തിനായി യു.എ.ഇയിലേക്ക് പ്രത്യേക സംഘത്തെ അയയ്ക്കുന്ന കാര്യവും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്.

ഇപ്പോഴത്തെ സ്വർണക്കടത്ത് കേസിൽ ഒതുങ്ങാതെ, വ്യാപക അറസ്റ്റുകൾ നടക്കാനുള്ള സാദ്ധ്യതയിലേക്കാണ് കേന്ദ്ര സർക്കാർ വിരൽ ചൂണ്ടുന്നത്. അതുപോലെതന്നെ രാജ്യവിരുദ്ധ നീക്കങ്ങൾക്കായുള്ള പണം കണ്ടെത്താനും ഇവർ സ്വർണക്കടത്ത് നടത്തുന്നുവെന്നും രഹസ്യാന്വേഷണ ഏജൻസികൾ തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.

രാഷ്ട്രീയ പശ്ചാത്തലമുള്ള ചിലരുടെ നീക്കങ്ങളും എൻ.ഐ.എ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കാര്യമായ പങ്കാളിത്തവും കേസിലുണ്ടാകും. തുടർന്ന്, കള്ളക്കടത്തുമായി ബന്ധമുള്ള കൂടുതൽ പേരുടെ അറസ്റ്റുകൾ നടക്കാനും സാദ്ധ്യതയുണ്ട്. കള്ളക്കടത്തിലെ വിദേശബന്ധങ്ങളെ കുറിച്ച് യു.എ.ഇ കൂടുതൽ വിവരങ്ങൾ നൽകുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.

ആസൂത്രിതമായ സ്വർണക്കടത്ത് സംഭവം രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കേന്ദ്ര സർക്കാർ അന്വേഷണത്തിനായി എൻ.ഐ.എയെ നിയോഗിച്ചത്. വിഷയം സംബന്ധിച്ചുള്ള പ്രാഥമിക പരിശോധനകൾ എൻ.ഐ.എ നടത്തിയിരുന്നു. സ്വർണം എന്താവശ്യത്തിനാണ് കേരളത്തിലേക്ക് എത്തിയതെന്നും എൻ.ഐ.എ അന്വേഷിക്കും. ഇതോടൊപ്പം കേരളത്തിലേക്ക് സ്വർണം എത്തുന്ന വഴിയെക്കുറിച്ചും അന്വേഷണമുണ്ടാകും.