dub

കാൺപൂർ: മൂന്ന് പതിറ്റാണ്ടായി ഉത്തർപ്രദേശിനകത്തും

പുറത്തുമായി വ്യാപിച്ച മാഫിയ സംഘത്തെ അടക്കി ഭരിച്ച വികാസ് ദുബെയ്‌ക്ക് താങ്ങും തണലുമായത് രാഷ്‌ട്രീയക്കാർ. അടുത്ത നിയമസഭാ സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കവെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ജീവനൊടുങ്ങിയതും രാഷ്‌ട്രീയക്കളിയുടെ ഭാഗമാണെന്നാണ് സൂചന. ഭരിക്കുന്ന കക്ഷികളുടെ ആളായിരുന്നു ദുബെ. 15 വർഷം ബി.എസ്.പിയിൽ പ്രവർത്തിച്ചു. പിന്നീട് എസ്.പിയിലെത്തി. 2017മുതൽ ബി.ജെ.പിയിൽ.

യു.പിയിൽ ക്രിമിനൽ പശ്‌ചാത്തലമുള്ള നേതാക്കൾക്ക് പഞ്ഞമില്ലാത്തതിനാൽ രാഷ്‌ട്രീയ നേതാവിന്റെ വെള്ളക്കുപ്പായമിട്ട് അധോലോക നായകന്റെ ലേബൽ മാറ്റാൻ ദുബെ ആഗ്രഹിച്ചിരുന്നു. കാൺപൂർ റാണിയ അസംബ്ളി സീറ്റിൽ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുപ്പും തുടങ്ങിയതാണ്. ഒരു പ്രമുഖ ബി.ജെ.പി ദേശീയ നേതാവുമായുള്ള അഭിപ്രായ വ്യത്യാസമാണ് കണക്കുകൂട്ടലുകൾ തെറ്റിച്ചതെന്ന് കേൾക്കുന്നു.

കൊലപാതകമടക്കമുള്ള നൂറോളം കേസുകളിലെ മുഖ്യപ്രതിയായ ദുബെയ്‌ക്കെതിരെ നടപടിയെടുക്കാൻ പൊലീസ് മടിച്ചത് അദ്ദേഹത്തിനുള്ള രാഷ്‌ട്രീയ പിൻബലം മൂലമായിരുന്നു. മൂന്നുദശാബ്‌ദം നീണ്ട 'ഗുണ്ടാ കരിയറിൽ' രാഷ്‌ട്രീയക്കാർക്കു വേണ്ടിയുള്ള കൊലവിളികളാണ് കൂടുതലും. രാഷ്‌ട്രീയക്കാരിൽ നിന്ന് കാശുവാങ്ങി ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ടു ചെയ്യിക്കലായിരുന്നു പ്രധാന ഹോബി. ജയിലിലായാൽ നേതാക്കളെത്തി മോചിപ്പിക്കും. കേസെടുക്കില്ല. ദുബെ വിചാരിച്ചാൽ ഒരു ലക്ഷം വോട്ടുകളെങ്കിലും മറിയുമായിരുന്നു.

മായാവതി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബി.എസ്.പിക്കു വേണ്ടിയായിരുന്നു പ്രവർത്തനം. മായാവതി പുറത്തായപ്പോൾ അഖിലേഷിന്റെ സമാജ്‌വാദി പാർട്ടിയിലേക്ക് മാറി. 2001ൽ ബി.ജെ.പി മന്ത്രി സന്തോഷ് ശുക്ളയെ പൊലീസ് സ്‌റ്റേഷനുള്ളിൽ വെടിവച്ചിട്ടത് ദുബെയ്‌ക്ക് വീര പരിവേഷമാണ് നൽകിയത്. തെളിവില്ലെന്ന പേരിൽ കോടതി വെറുതെ വിട്ടു. എന്നാൽ ദുബെയുടെ പേരുകേട്ടാൽ ജനം പേടിച്ചു വിറയ്‌ക്കുന്ന സ്ഥിതിയായി.

20 വർഷമായി അദ്ദേഹത്തിന്റെ ഗ്രാമമായ ബിക്രുവിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ദുബെ നിർദേശിക്കുന്ന വ്യക്തികളാണ് ഭരിക്കുക. തിരഞ്ഞെടുപ്പിൽ ദുബെ നിർദേശിക്കുന്ന നേതാക്കൾക്ക് എതിരാളി ഉണ്ടാകില്ല. ജനം പേടിച്ച് വോട്ടു ചെയ്യും. 2015ൽ വനിതാ സംവരണ മണ്ഡലമായപ്പോൾ ഭാര്യ റിച്ച സ്ഥാനാർത്ഥിയായി. വോട്ടു ചോദിച്ച് വീടിന് വെളിയിലിറങ്ങിയില്ലെങ്കിലും അവർ ജയിച്ചു.