ടോക്കിയോ : റോളർ കോസ്‌റ്ററിൽ കയറുന്നവർ ദയവായി കരയുകയോ നിലവിളിയ്ക്കുകയോ കൂവുകയോ ഒന്നും ചെയ്യരുത്.! പറയുന്നത് ജപ്പാനിലെ ഒരു അമ്യൂസ്മെന്റ് പാർക്ക് അധികൃതർ ആണ്. അത് കൊള്ളം, വളഞ്ഞ് പുളഞ്ഞ് തലകുത്തി മറിയുന്ന റോളർ കോസ്‌റ്ററുകൾ പോലുള്ള റൈഡിലൊക്കെ കയറിയാൽ ആരാ ഒന്ന് ഉറക്കെ നിലവിളിച്ച് പോകാത്തത്. എന്നാൽ ശ്രമിച്ചാൽ അതൊക്കെ സാധിക്കുമെന്ന് പറഞ്ഞ് വീഡിയോ സഹിതം പാർക്ക് അധികൃതർ മുന്നോട്ട് വന്നിട്ടുമുണ്ട്.
റൈഡിൽ കയറുന്നുവർ ദയവായി മനസിൽ നിലവിളിയ്ക്കാനാണ് ഇവരുടെ അഭ്യർത്ഥന. കൊവിഡ് വ്യാപനം മുൻ നിറുത്തിയാണ് പാർക്ക് അധികൃതർ ഇത്തരം തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഉറക്കെ കരയുമ്പോഴും മറ്റും വായിൽ നിന്നും പുറത്തുവരുന്ന ഉമിനീരിന്റെ അംശത്തിലൂടെ രോഗാണു വ്യാപിക്കാൻ സാധ്യതയുള്ളതാണ് കാരണം.
ടോക്കിയോ നഗരത്തിന്റെ പടിഞ്ഞാറുള്ള ' ദ ഫുജി - ക്യൂ ഹൈലാൻഡ് ' കഴിഞ്ഞ മാസം അവസാനമാണ് കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം തുറന്നത്. തുടർന്നാണ് പുതിയ പരിഷ്കാരങ്ങൾ അറിയിച്ചു കൊണ്ടുള്ള അപേക്ഷ പാർക്ക് അധികൃതർ പുറത്തിറക്കിയത്. പാർക്കിന്റെ ഉടമസ്ഥരായ ഡെയ്സുകെ ല്വാതയും കെയ്ചിറോ ഹോറിയൂചിയും റോളർ കോസ്‌റ്ററിൽ സഞ്ചരിക്കുന്ന വീഡിയോയും പുറത്തുവിട്ടു. 230 അടി ഉയരത്തിൽ മണിക്കൂറിൽ 80 മൈൽ വേഗതയുള്ള റോളർ കോസ്റ്ററിൽ ഇരുവരും തുടക്കം മുതൽ അവസാനം വരെ നിശബ്‌ദരായിരുന്നു.
തങ്ങൾക്ക് കഴിയുമെങ്കിൽ ഇവിടെയത്തുന്ന സന്ദർശകർക്കും മനസു വച്ചാൽ ഇതേ പോലെ നിശബ്‌ദരായിരിക്കാൻ കഴിയുമെന്ന് ഇവർ പറയുന്നു. ജപ്പാനിലെ തീം പാർക്ക് അസോസിയേഷനാണ് ശരിക്കും റോളർ കോസ്‌റ്ററുകളിൽ അലറലോ കരച്ചിലോ കൂവി വിളികളോ പാടില്ലെന്ന തീരുമാനമെടുത്തത്. കഴിഞ്ഞ മാസമാണ് ഇവർ ഇത് പ്രഖ്യാപിച്ചത്. മാസ്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ നിബന്ധനകൾക്കൊപ്പമാണ് ഈ നിയമവും. ജപ്പാനിലെ ഡിസ്നിലാൻഡ്, ഒസാക്കയിലെ യൂണിവേഴ്സൽ സ്റ്റുഡിയോസ് തുടങ്ങിയ തീ പാർക്കുകളും ഈ മാതൃകയിലാകും പ്രവർത്തിക്കുക എന്നറിയിച്ചിട്ടുണ്ട്. 20,371 പേർക്കാണ് ജപ്പാനിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 981 പേർ മരിച്ചു.