318 റൺസിൽ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ച് വിൻഡീസ്
വിൻഡീസിന് 114 റൺസ് ലീഡ്
ബ്രാത്ത്‌വെയ്റ്റിനും (65)ഡോർവിച്ചിനും (61) അർദ്ധസെഞ്ച്വറികൾ
രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ണ്ട് 15/0
സതാംപ്ടൺ : കൊവിഡ് ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ളണ്ടിനെതിരെ ഒന്നാം ഇന്നിംഗ്സിൽ 114 റൺസിന്റെ ലീഡ് നേടി വെസ്റ്റ് ഇൻഡീസ്.
ഇംഗ്ളണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 204നെതിരെ മൂന്നാം ദിനമായ ഇന്നലെ സന്ദർശകർ318 റൺസിൽ ആൾഒൗട്ടാവുകയായിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ട് മൂന്നാം ദിനം കളിനിറുത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 15 റൺസെടുത്തിട്ടുണ്ട്.
57/1 എന്ന നിലയിൽ ഇന്നലെ ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ വിൻഡീസിനായി ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റും (65), ഡോർവിച്ചും (61) അർദ്ധസെഞ്ച്വറികൾ നേടി.ഷമർ ബ്രൂക്ക്സ് (39), റോൾട്ടൺ ചേസ് (47*), ഷായ് ഹോപ്പ് (16),അൽസാരി ജോസഫ് (18) എന്നിവർ നടത്തിയ പോരാട്ടമാണ് ലീഡ് നേടിക്കൊടുത്തത്. ഇംഗ്ളണ്ടിനായി ഡോം ബെസ് രണ്ടു വിക്കറ്റുകളും ജെയിംസ് ആൻഡേഴ്സൺ മൂന്ന് വിക്കറ്റുകളും താത്കാലിക നായകൻ ബെൻ സ്റ്റോക്സ് നാലുവിക്കറ്റും വീഴ്ത്തി.
ഇന്നലെ ബ്രാത്ത്‌വെയ്റ്റും ഹോപ്പും ചേർന്നാണ് ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയത്. ടീം സ്കോർ 102ലെത്തിച്ചാണ് ഹോപ്പ് ബെസിന്റെ പന്തിൽ സ്റ്റോക്സിന് ക്യാച്ച് നൽകി മടങ്ങിയത്.184 പന്തുകളിൽ ആറ് ബൗണ്ടറികൾ പറത്തിയ ബ്രാത്ത്‌വെയ്റ്റിനെ ടീം സ്കോർ 140-ൽ വച്ച് ബെൻ സ്റ്റോക്സ് എൽ.ബിയിൽ കുരുക്കി മടക്കി.തുടർന്ന് ബ്രൂക്ക്സിനെയും ബ്ളാക്ക് വുഡിനെയും (12) നഷ്ടമായെങ്കിലും ചേസും ഡോർവിച്ചും ചേർന്ന് ലീഡിലെത്തിച്ചു.ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 81 റൺസായിരുന്നു ഇന്നിംഗ്സിലെ വിൻഡീസിന്റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്.
142 പന്തുകളിൽ ആറ് ഫോറടക്കം 47 റൺസടിച്ച ചേസിനെ ടീം സ്കോർ 267-ൽ വച്ച് എൽ.ബിയിൽ കുരുക്കി ആൻഡേഴ്സണാണ് ഇംഗ്ളണ്ടിനെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.തുടർന്ന് ജാസൺ ഹോൾഡർ (5), അൽസാരി ജോസഫ് (18) എന്നിവരെ പുറത്താക്കിയ സ്റ്റോക്സ് ടീം സ്കോർ 313-ൽ വച്ച് ഡോർവിച്ചിന്റെ പോരാട്ടവും അവസാനിപ്പിച്ചു.115 പന്തുകൾ നേരിട്ട് എട്ട് ബൗണ്ടറികൾ പായിച്ച ഡോർവിച്ച് വിക്കറ്റ് കീപ്പർ ബട്ട്ലർക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഗബ്രിയേലിനെ പുറത്താക്കി വുഡ് ആണ് ഇന്നിംഗ്സിന് കർട്ടനിട്ടത്.