ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വൈറസ് വ്യാപകമാകുന്നതിനിടയിൽ ഡെങ്കിപ്പനി പടരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വിദഗ്ദ്ധർ. മൺസൂൺ എത്തുന്നതോടെ ഡെങ്കിപ്പനി കൂടുതൽ രൂക്ഷമാകാനാണ് സാദ്ധ്യത. കൊവിഡിന്റെ അതേ രോഗലക്ഷണങ്ങൾ തന്നെയാണ് ഡെങ്കിക്കും. കൊവിഡ്, ഡെങ്കി വ്യാപനം ഒരേ സമയം ഉണ്ടായാൽ രാജ്യത്ത് രോഗികളുടെയെണ്ണം ക്രമാതീതമായി വർദ്ധിക്കും.രണ്ട് തരം പരിശോധനകൾ ഒരുമിച്ച് നടത്തേണ്ടി വരുന്നതിനാൽ തന്നെ ആരോഗ്യ മേഖലയ്ക്ക് അത് വലിയ രീതിയിലുളള തിരിച്ചടിയാകുമെന്നും വിദഗ്ദ്ധർ പറയുന്നു. നിലവിൽ രാജ്യത്തെ കൊവിഡ് കേസുകൾ എട്ട് ലക്ഷം കടന്നിരിക്കുകയാണ്. 21,604 ഓളം പേർ ഇതിനോടകം കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഡെങ്കി ഭീഷണി ഉയർന്നു വരുന്നത്.
ഓരോ വർഷവും ഇന്ത്യയിൽ 100,000 മുതൽ 200,000 വരെ ആളുകൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കപ്പെടുന്നുണ്ടെന്ന് 2016 മുതൽ 2019 വരെയുളള റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ പറഞ്ഞു. കാലാവസ്ഥ മാറുന്നതനുസരിച്ചാണ് ഡെങ്കിപ്പനി വ്യാപകമാകുന്നത്. ദക്ഷിണേന്ത്യയിൽ മഴക്കാലത്തും ഉത്തരേന്ത്യയിൽ ശൈത്യകാലത്തുമാണ് ഡെങ്കിപ്പനി രൂക്ഷമാകുന്നത്.കഠിനമായ പനിയും ശരീര വേദനയും തലവേദനയുമാണ് രണ്ട് രോഗങ്ങളുടെയും ലക്ഷണം. ഇതിനാൽ തന്നെ ഡെങ്കിപ്പനി കൊവിഡ് -19 അവസ്ഥയെ വഷളാക്കിയേക്കാമെന്ന് വൈറോളജിസ്റ്റും കൊൽക്കത്തയിലെ അമിറ്റി സർവകലാശാല വൈസ് ചാൻസലറുമായ ധ്രുഭ്യോതി ചതോപദ്ധ്യായ മുന്നറിയിപ്പ് നൽകി. ഡെങ്കിപ്പനി ബാധിക്കുന്നവർക്ക് കൊവിഡ് പിടിപെടാനുളള സാദ്ധ്യതയും ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.