castle

പേര് കേൾക്കുമ്പോൾ വളരെ പ്രതീക്ഷയൊക്കെ തോന്നും. എന്നാൽ ചരിത്രം കേട്ടാൽ അല്പം പേടി തോന്നും. അതാണ് കേപ് ടൗണിൽ സ്ഥിതി ചെയ്യുന്ന 'കാസിൽ ഒഫ് ഗുഡ് ഹോപ് അഥവാ 'ശുഭപ്രതീക്ഷാ കോട്ട '. പതിനേഴാം നൂറ്റാണ്ടിലാണിത് നിർമിക്കപ്പെട്ടത്.

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പഴക്കമുള്ള നിർമിതികളിൽ ഒന്ന് കൂടിയാണിത്. അതുപോലെ തന്നെ ദക്ഷിണാഫ്രിക്കയിൽ പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന കെട്ടിടങ്ങളിൽ ഏറ്റവും പ്രസിദ്ധവും ഇത് തന്നെ.

1666നും 1679നുമിടയിൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഈ കോട്ട നിർമിച്ചത്. കടലിനോട് ചേർന്ന് നിർമിച്ചിരിക്കുന്ന കോട്ടയിലെ കിടങ്ങ് നിറയ്ക്കുന്നത് ഉയരം കൂടിയ തിരമാലകളാണ്. പണ്ട് തടവുകാരെ അതിക്രൂരമായി ഉപദ്രവിച്ചിരുന്ന ഇരുണ്ട തടവറയുണ്ടായിരുന്നു ഇവിടെ. ഉയർന്ന തിരമാലകൾ വീശി അടിക്കുമ്പോൾ അത് ഇരുട്ടറയിലെ തടവുകാരെ വെള്ളത്തിനടിയിലാക്കും. കുറ്റവാളികളെന്ന് വിധിക്കപ്പെട്ടവരെ വിചാരണ ചെയ്യുന്നതും ഇവിടായിരുന്നു.

ഇനി കോട്ടയുമായി ബന്ധപ്പെട്ട പ്രേതക്കഥ പറയാം. കഥയെന്നല്ല കഥകൾ എന്നാണ് പറയേണ്ടത്. കാരണം കോട്ടയെ ചുറ്റപ്പറ്റി പ്രേതക്കഥകളുടെ ഒരു കൂമ്പാരം തന്നെയുണ്ട്. 1915ൽ ആറടി ഉയരമുള്ള ഒരു രൂപം കോട്ടയിൽ പ്രത്യക്ഷപ്പെട്ടത്രെ. കോട്ടയ്ക്ക് മുകളിൽ ആരോ നടക്കുന്ന ഉച്ചത്തിലുള്ള ശബ്ദവും കോട്ടയിലെ മണി മുഴക്കുന്ന ശബ്ദവും പിന്നെ കേൾക്കാൻ തുടങ്ങിയത്രെ. അതോടെ വർഷങ്ങൾക്കു മുമ്പ് ഇതേ മണിയിൽ തൂങ്ങി മരിച്ച അവിടുത്തെ കാവൽകാരന്റെ പ്രേതമാണ് ഇതെന്ന് ആളുകൾ പറയാൻ തുടങ്ങി.

1729ൽ ഏഴ് പട്ടാളക്കാരെ ചെയ്യാത്ത കുറ്റത്തിന് ഇവിടെ വച്ച് വധശിക്ഷയ്ക്ക് വിധിച്ചു. അവരെ തൂക്കിലേറ്റിയ അതേ ദിവസം തന്നെ വധശിക്ഷയ്ക്ക് ഉത്തരവിട്ട പീറ്റർ ജിപ്‌സ്‌ബർട്ട് എന്ന ഗവർണറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പിന്നീട് ആരെയോ ശപിച്ച് കൊണ്ട് കോട്ടയുടെ പരിസരത്ത് അലഞ്ഞു നടക്കുന്ന ഗവർണറുടെ പ്രേതത്തെയും കണ്ടവരുണ്ടത്രെ!

1700കളിൽ ഈ കോട്ടയിൽ താമസിച്ചിരുന്ന ആൻ ബെർനാഡ് എന്ന സ്ത്രിയുടെ പ്രേതവും ഇവിടെ കറങ്ങി നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. പാർട്ടികളും മറ്റും നടക്കുമ്പോൾ ഒരു വലിയ കറുത്ത വേട്ടനായയുമായി വിരുന്നുകാരുടെ നേരെ ചാടിയടുക്കുകയും ഉടൻ തന്നെ അപ്രത്യക്ഷയാകുകയും ചെയ്യുന്ന സ്ത്രീ ആൻ ബെർനാഡിന്റെ പ്രേതമാണെന്ന് കഥകൾ വേറെ.

ഏതായാലും 1936ൽ ചരിത്രസ്മാരകമായി പ്രഖ്യാപിച്ച ഈ പ്രേതക്കോട്ട ദക്ഷിണാഫ്രിക്കയിലെ പൈതൃക സ്മാരകങ്ങളിൽ ഒന്നാണ്. നിരവധി സഞ്ചരികളാണ് കോട്ട കാണാൻ ഇവിടേക്ക് എത്തുന്നത്.