ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ എട്ട് ലക്ഷം കടന്നു. മഹാരാഷ്‌ട്രയിലും ഡൽഹിയിലും തമിഴ് നാട്ടിലുമായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം എട്ട് ലക്ഷം കടന്നത്. രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പ്രകാരം രാജ്യത്ത് 7,93,802 കൊവിഡ് കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പുകൾ കണ്ടെത്തിയ പുതിയ കേസുകൾ കൂടി ഉൾപ്പെടുത്തുമ്പോൾ രാജ്യത്തെ മുഴുവൻ രോഗികളുടെ എണ്ണം എട്ട് ലക്ഷം കടന്നിരിക്കുകയാണ്. അതേസമയം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22000ത്തിലേക്ക് അടുത്തു.
കൊവിഡ് വ്യാപനം തടയുന്നതിനായി ഉത്തർ പ്രദേശ് സംസ്ഥാനം മുഴുവനായും മഹാരാഷ്‌ട്രയിലെ പൂനെ,താനെ നഗരങ്ങളും കേരളത്തിലെ തിരുവനന്തപുരം നഗരം ഉൾപ്പെടെ രാജ്യത്തെ വിവിധ സ്ഥലങ്ങൾ അടച്ചു പൂട്ടിക്കഴിഞ്ഞു. കൊവിഡ് 19 രോഗികളുടെ ദേശീയ മരണനിരക്ക് 2.72 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കൊവിഡ് മരണനിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് നടപടികളുടെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ തമിഴ്‌നാട് ആരോഗ്യമന്ത്രി ഡോ.സി.വിജയഭാസ്‌കറുമായി ചർച്ച നടത്തി. "ചെന്നൈയിൽ പ്രതിദിനം 350 മൊബൈൽ ക്ലിനിക്കുകൾ വിന്യസിക്കുകയും 35-40,000 പേരെ സ്‌ക്രീനിംഗ് ചെയ്യുകയും ചെയ്തു." പരിശോധനയും മറ്റ് നിയന്ത്രണങ്ങളും വർദ്ധിപ്പിക്കാൻ നിർദേശിച്ചുവെന്നും ഗ്രാമപ്രദേശങ്ങളിൽ പെട്ടെന്ന് രോഗവ്യാപനമുണ്ടാകാനുളള സാദ്ധ്യത ആശങ്കാജനകമാണെന്നും ഹർഷ് വർധൻ ട്വിറ്ററിൽ കുറിച്ചു.