തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഭീകരസംഘടനകൾക്കും ബന്ധമുള്ളതായി റിപ്പോർട്ടുകൾ. സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ മൊഴികളിൽ നിന്നാണ് വിവരം ലഭിച്ചത്. സ്വപ്നയ്ക്കു പുറമേ മറ്റു രണ്ടു പേരെക്കുറിച്ചും പരാമർശമുണ്ടായിരുന്നു.
ഇവർക്ക് സ്വർണക്കടത്തിനു ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാണ് സൂചന ലഭിച്ചത്. സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴികൾ മജിസ്ട്രേട്ട് മുമ്പാകെ രേഖപ്പെടുത്തും.
അതേസമയം സ്വർണക്കടത്തിന് ഐസിസ് ബന്ധമുള്ളതായി സൂചനകൾ ലഭിച്ചത് കാരണമാണ് കേസ് എൻ.ഐ.എയ്ക്ക് കൈമാറാൻ തീരുമാനിച്ചതെന്ന് കേന്ദ്ര സർക്കാർ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. രഹസ്യാന്വേഷണ ഏജൻസികളാണ് കേന്ദ്ര സർക്കാരിനെ ഈ വിവരം ധരിപ്പിച്ചത്. ഐസിസ് റിക്രൂട്ട്മെന്റിന് ആവശ്യമായ പണം കള്ളക്കടത്തിലൂടെയാണ് വരുന്നുവെന്നും സൂചനയുണ്ട്.
സമാനമായി കേരളത്തിൽ നിന്നും ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവർക്കും കള്ളക്കടത്തുമായി ബന്ധമുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു.അന്വേഷണത്തിനായി യു.എ.ഇയിലേക്ക് പ്രത്യേക സംഘത്തെ അയയ്ക്കുന്ന കാര്യവും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്.