തിരുവനന്തപുരം: സ്വപ്‌ന സുരേഷിന് ഗുണ്ടാസംഘമെന്ന് യുവാവിന്‍റെ വെളിപ്പെടുത്തല്‍. സ്വപ്നയുടെ സഹോദരന്‍റെ വിവാഹസത്കാരത്തിനിടെ മര്‍ദനമേറ്റ യുവാവാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹം മുടക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഹോട്ടലിൽ തന്നെ തടഞ്ഞുവച്ചത്. സരിത്തും സ്വപ്നയുടെ ഭര്‍ത്താവും പത്തിലേറെ ബോഡി ഗാര്‍ഡ്‌സും സ്വപ്‌നക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് യുവാവ് പറയുന്നത്.
സ്വപ്‌ന അസഭ്യം വിളിക്കുകയും തുടര്‍ച്ചയായി മുഖത്തടിക്കുകയും ചെയ്തു. അമ്മയേയും മകളേയും ഉപദ്രവിച്ചു. അമ്മ ബഹളം വച്ചതോടെയാണ് ഉപദ്രവം അവസാനിപ്പിച്ചത്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് പറഞ്ഞു.
സഹോദരന്‍റെ വിവാഹ സത്കാര പാർട്ടിക്കിടെ ബന്ധുവായ യുവാവിനെ സ്വപ്നയും സംഘവും കൈയേറ്റം ചെയ്യുന്ന ദൃശ്യം ഇന്നലെ പുറത്തുവന്നിരുന്നു. സംഭവം കേസും പരാതിയുമില്ലാതെ പൊലീസ് ഒതുക്കിത്തീർക്കുകയായിരുന്നു. 2019 ഡിസംബർ ഏഴിന് തിരുവനന്തപുരം എസ്.എസ് കോവിൽ റോഡിലെ ഹോട്ടലിൽ രാത്രി 10.50 നായിരുന്നു സംഭവം. സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ കൂട്ടുപ്രതികളായി കസ്റ്റംസ് സംശയിക്കുന്ന സന്ദീപും, അറസ്റ്റിലായ സരിത്തും സ്വപ്നയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉന്നത ഉദ്യോഗസ്ഥരും സത്കാരത്തിൽ പങ്കെടുത്തിരുന്നു.
ആഘോഷങ്ങൾക്കിടെ ഉണ്ടായ ചില വാക്കുതർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചത്. ഇളയ സഹോദരൻ ബ്രൗൺ സുരേഷിന്‍റെ വിവാഹം മുടക്കാൻ ശ്രമിച്ചെന്ന് പറഞ്ഞാണ് യുവാവിനെ മർദ്ദിച്ചത്. യുവാവിന്‍റെ തലയ്ക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് പൊലീസെത്തിയെങ്കിലും സ്വപ്നയുമായി സംസാരിച്ചതോടെ കേസെടുക്കാതെ മടങ്ങി.
ഇതിനു ശേഷം യുവാവ് തന്നെ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന തമ്പാനൂർ പൊലീസിൽ പരാതിപ്പെട്ടു. പിന്നീട് പൊലീസ് ഇടപെട്ട് പ്രശ്നം ഒത്തുതീർത്തു. പരാതിപ്പെടാൻ പൊലീസ് സ്‌റ്റേഷന് മുന്നിൽ എത്തിയ സ്വപ്ന വാഹനത്തിൽ നിന്ന് ഇറങ്ങാൻ പോലും തയ്യാറായില്ല. പകരം സഹായിയെയാണ് സ്‌റ്റേഷനിലേക്ക് അയച്ചത്. യുവാവിന് കാര്യമായി പരിക്കേറ്റെങ്കിലും സ്വപ്നയുടെ ഉന്നതതല സ്വാധീനത്തിന് വഴങ്ങി പൊലീസ് കേസെടുക്കാതെ പിൻമാറുകയായിരുന്നു.
ഹോട്ടലിലെ ക്യാമറ ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ പൊലീസ് നിർദേശിച്ചിരുന്നതാണ്. എന്നാൽ
സ്വപ്ന സ്വർണക്കടത്തിൽ പെട്ടതോടെ ദൃശ്യങ്ങൾ ആരോ പുറത്തുവിടുകയായിരുന്നു. യുവാവുമായുള്ള പിടിവലിക്കിടെ സ്വപ്ന സുരേഷ് അടിതെറ്റി താഴെ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.