കൊച്ചി: കൊച്ചിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം. ഇന്നലെ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ആലുവ നഗരസഭയിൽ ശക്തമായ നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. ആലുവ മാർക്കറ്റിൽ മാത്രം 6 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊച്ചി നഗരത്തിൽ സ്വകാര്യ ഏജൻസിയുമായി സഹകരിച്ച് നിയന്ത്രിത മേഖലകൾ നഗസഭ അണുവിമുക്തമാക്കി. നഗരത്തിൽ സമ്പർക്ക രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. എങ്കിലും ആശങ്ക ഒഴിയുന്നില്ലെന്ന് മേയർ സൗമിനി ജെയിൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എറണാകുളം എസ്ആർവി സ്കൂളിലെ പ്ലസ് ടു മൂല്യനിർണ്ണയത്തിൽ പങ്കെടുത്ത കെമിസ്ട്രി അദ്ധ്യാപികക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 18 അദ്ധ്യാപകർ ക്വാറന്‍റീനിലാണ്. ഇവരുടെ സ്രവം ആരോഗ്യവകുപ്പ് പരിശോധിക്കും. കൊവിഡ് രോഗികൾ ഉയരുന്ന എറണാകുളം ജില്ലയിലെ നിയന്ത്രിത മേഖലകൾ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
ചെങ്ങമനാട് പഞ്ചായത്ത് വാർഡ് 14, കരുമാല്ലൂർ പഞ്ചായത്ത് വാർഡ് 4, തൃപ്പൂണിത്തുറ നഗരസഭ ഡിവിഷൻ 35, ശ്രീമൂലനഗരം പഞ്ചായത്ത് വാർഡ് 4, എടത്തല പഞ്ചായത്ത് വാർഡ് 2, വാഴക്കുളം പഞ്ചായത്ത് വാർഡ് 19, നീലീശ്വരം പഞ്ചായത്ത് വാർഡ് 13, വടക്കേക്കര പഞ്ചായത്ത് വാർഡ് 15, കൊച്ചി കോർപ്പറേഷൻ വാർഡ് 66, ദൊരൈസ്വാമി അയ്യർ റോഡ് എന്നിവയാണ് ജില്ലയിലെ മറ്റു നിയന്ത്രിത മേഖലകൾ. കൊച്ചി കോർപ്പറേഷൻ വാർഡ് 27 പട്ടികയിൽ നിന്നും ഒഴിവാക്കി.