fire

മുംബയ്: മുംബയിലെ ബോറിവാലിയിലെ ഷോപ്പിംഗ് സമുച്ചയത്തിൽ ഇന്ന് പുലർച്ചെയോടെ തീപ്പിടിത്തമുണ്ടായി. തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. 14 ഫയർ എഞ്ചിനുകൾ ഇതുവരെ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

കെട്ടിടത്തിന്‍റെ ബേസ്മെന്‍റിലാണ് തീപിടിത്തമുണ്ടായതെന്ന് ചീഫ് ഫയർ ഓഫീസർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പതിനാല് ഫയർ എഞ്ചിനുകളും 13 ജംബോ ടാങ്കറുകളും തീ അണയ്ക്കാൻ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷോപ്പിംഗ് സമുച്ചയത്തിലെ ഒരു കടയിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് കെട്ടിടത്തിന്‍റെ സുരക്ഷ ചുമതലയുണ്ടായിരുന്ന വ്യക്തി അവകാശപ്പെട്ടു. പുലർച്ചെ 2:55 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപ്പിടിത്തം ഉണ്ടായ ഉടൻ തന്നെ അഗ്നിശമന വകുപ്പിനെ വിളിച്ചു. സമുച്ചയത്തിനുള്ളിൽ 77 കടകളുണ്ട്, അവയെല്ലാം മൊബൈൽ റിപ്പയറിംഗ് ഷോപ്പുകളാണെന്നും സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

കഴിഞ്ഞ മാസം സൗത്ത് മുംബയിലെ നരിമാൻ പോയിന്‍റിന് സമീപം ബാങ്ക് ഓഫ് ബഹ്‌റൈൻ ഓഫീസിൽ സമാനമായ തീപിടിത്തമുണ്ടായിരുന്നു. കഴിഞ്ഞ മാസം തന്നെ ഐക്കണിക് ക്രോഫോർഡ് മാർക്കറ്റിലെ ഏതാനും കടകളിൽ തീപിടിത്തം റിപ്പോർട്ട് ചെയ്തിരുന്നു.