google

ഉപയോക്താക്കളുടെ അനുമതിയില്ലാതെ അവരുടെ ഫോൺ വിവരങ്ങൾ നിരീക്ഷിക്കുന്ന പരസ്യങ്ങൾക്ക് ഗൂഗിൽ വിലക്കേർപ്പെടുത്തി. ഇത്തരത്തിലുള്ള ആപ്പുകളുടെയും പ്രോഡക്ടുകളുടെയും പരസ്യങ്ങൾക്കാണ് ഗൂഗിൾ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 'നിങ്ങളുടെ ഭാര്യയുടെ ഫോൺ ട്രാക്ക് ചെയ്യാം, ഭാര്യയെ നിരീക്ഷിക്കാൻ ഇതാ ഒരു ആപ്പ്', ഭര്‍ത്താവിന്‍റെ നീക്കങ്ങള്‍ രഹസ്യമായി മനസിലാക്കാം, തുടങ്ങിയ രീതിയിലുള്ള പരസ്യങ്ങൾക്കാണ് ഗൂഗിൾ വിലക്കേർപ്പെടുത്തിയത്.

നിരോധനം നിലവിൽ വരുമ്പോൾ മോണിറ്റർ ടെക്സ്റ്റുകൾ, കോളുകൾ, ബ്രൌസിംഗ് ഹിസ്റ്ററി എന്നിവ നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യക്ക് ഉൾപ്പെടെ തടസമായേക്കും. സ്പൈ വെയറുകള്‍, സ്പൈ ആപ്പുകള്‍ എന്നിവയ്ക്ക് പരസ്യം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും ഗൂഗിൾ വ്യക്തമാക്കുന്നു.

സര്‍വെയിലന്‍സ് നടത്തുന്ന എല്ലാ ഉപകരണങ്ങള്‍ക്കും പുതിയ നയം ബാധകമാണെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം ജി പി എസ് ട്രാക്കര്‍, ഒരു വ്യക്തി അറിയാതെ അയാളുടെ നീക്കങ്ങള്‍ ഒപ്പിയെടുക്കുന്ന സ്പൈ ക്യാമറകള്‍, ഡാഷ് ക്യാമറകള്‍, ഓഡിയോ റെക്കോഡര്‍ എന്നിവയ്ക്കെല്ലാം ഈ നയം ബാധകമാണ്. എന്നാല്‍ പ്രൈവറ്റ് ഇന്‍വസ്റ്റിഗേഷന്‍ പ്രോഡക്ട്, കുട്ടികളെ നിരീക്ഷിക്കാന്‍ രക്ഷിതാക്കള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഈ പരസ്യ നയം ബാധകമല്ല.

ആഗസ്റ്റ് 11 മുതൽ പുതിയ നയം നടപ്പിലാക്കും. അടുത്ത പങ്കാളിയെ നിരീക്ഷിക്കാന്‍ പലര്‍ക്കും പ്രേരണയാകുന്നത് ഗൂഗിള്‍ പരസ്യങ്ങളാണ് എന്ന 2018 ലെ പഠനം അധികരിച്ചാണ് ഗൂഗിള്‍ ഇത്തരം ഒരു തീരുമാനം തങ്ങളുടെ പരസ്യ നയത്തില്‍ എടുത്തത്.