ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ജൂൺ 20ന് പ്രഖ്യാപിച്ച കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ നൽകുന്ന പദ്ധതി 'ഗരീബ് കല്യാൺ റോസ്ഗാർ യോജന'യിൽ ഏറ്റവുമധികം നടക്കുന്നത് കൊവിഡ് കാലത്തെ ഏറ്റവും പ്രധാനമായ ആവശ്യത്തിനുളള പണിയാണ്. അസാധാരണമായ ആ തൊഴിൽ റോഡ് നിർമ്മാണമോ കുളം വൃത്തിയാക്കലോ അല്ല, ഒപ്‌റ്റിക് ഫൈബർ കേബിളുകൾ കുഴിച്ചിടലാണ്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഓൺലൈൻ വഴിയുളള തൊഴിലും, പഠനവും, പണം കൈമാറ്റവുമെല്ലാം രാജ്യത്ത് വർദ്ധിച്ചതോടെ മികച്ച ഇന്റർനെറ്റ് സേവനം ലഭിക്കാൻ കേബിളുകൾ സ്ഥാപിക്കേണ്ടത് അത്യാവശ്യമായി മാറി. പദ്ധതി പ്രഖ്യാപിച്ച് മൂന്നാഴ്ചയായ നിലവിൽ 6000 കോടിയാണ് സർക്കാർ ചിലവഴിച്ചിരിക്കുന്നത്. 125 ദിവസം കൊണ്ട് 50000 കോടിയാണ് ചിലവ് വരികയെന്നാണ് സർക്കാർ കണക്ക്കൂട്ടൽ. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുകയും ചെയ്യും. 25ഓളം സർക്കാർ സ്‌കീമുകളിലായി നിരവധി തൊഴിലുകളാണ് സൃഷ്‌ടിക്കപ്പെടുക.
കൂടുതലായി ഗ്രാമപ്രദേശങ്ങളിലാണ് കേബിളുകൾ സ്ഥാപിക്കുന്നത് . 93,390 പ്രവർത്തികളാണ് രാജ്യത്തെ വിവിധ ഗ്രാമങ്ങളിൽ ഇതുവരെ നടന്നത്.പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിക്കുന്ന പ്രവർത്തികൾ 64,756 എണ്ണം നടന്നു. കൊവിഡ് മൂലം ഏർപ്പെടുത്തിയ ലോക്ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടമായി 75 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് തിരികെ നാട്ടിലെത്തിയത് എന്നാണ് സർക്കാർ കണക്ക്. പുതിയ പദ്ധതി പ്രകാരം ഗ്രാമങ്ങളിലാണ് തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ നൽകേണ്ടി വന്നത്. അതേസമയം നഗരങ്ങളിൽ ഇത്തരം പണികൾക്ക് തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഗരീബ് കല്യാൺ റോസ്ഗാർ യോജന പ്രകാരം 60 ശതമാനം പണി നടക്കുന്നതും നിർമ്മാണ മേഖലയിലാണ്.
എന്നാൽ സർക്കാർ പ്രഖ്യാപിച്ച പദ്ധതികളിൽ എല്ലാ വീടുകളിലും വെളളം എത്തിക്കാനുളള ജൽ ജീവൻ മിഷൻ, എല്ലാ വീടുകളിലും പ്രത്യേക പൈപ്പ്ലൈനിലൂടെ പാചകവാതകം വിതരണം ചെയ്യുന്ന ഊർജ ഗംഗ എന്നീ പദ്ധതികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. കുടിയേറ്റ തൊഴിലാളികൾക്കായുളള ഗരീബ് കല്യാൺ റോസ്ഗാർ യോജനയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിയും സർക്കാരിന് രണ്ട് ലക്ഷം കോടിയാണ് ചിലവ്.