ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ നടന്ന ഏറ്റുമുട്ടലില്‍ ആറ് വിഘടനവാദികളെ സുരക്ഷസേന വധിച്ചു.
ഇന്ന് പുലര്‍ച്ചെ നാലരയോടെ ലോംഗ്‌ഡിംഗ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. അസം റൈഫിള്‍സും അരുണാചല്‍ പ്രദേശ് പൊലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയതെന്നാണ് ഔദ്യോഗിക വിവരം. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാൻ പൊലീസും സുരക്ഷസേനയും ഇപ്പോഴും പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
ഇവരുടെ പക്കലുണ്ടായിരുന്ന എ.കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സുരക്ഷാസേന പിടിച്ചെടുത്തു. നാല് എ.കെ.-47 ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഇവരില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്‍.എസ്.സി.എന്‍.-ഐ.എമ്മിലെ ആറ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നും അസം റൈഫിളിലെ ഒരു ജവാന് പരിക്കേറ്റിട്ടുണ്ടെന്നും അരുണാചല്‍ പ്രദേശ് ഡി.ജി.പി. ആര്‍.പി ഉപാദ്ധ്യായ മാദ്ധ്യമങ്ങളോട് പറഞ്ഞു.