മിക്ക അമ്മമാരുടെയും പ്രധാന പരിഭവമാണ് കുട്ടികളിലെ വിരൽകുടി. ജനന സമയം മുതൽ തന്നെ മിക്ക കുട്ടികളിലും ഈ ശീലം കാണാൻ കഴിയും. പല കാരണങ്ങൾ കൊണ്ടും മക്കൾ വിരൽകുടിക്കാറുണ്ട്. കുഞ്ഞുങ്ങൾക്ക് വിശക്കുമ്പോഴും, ഉറക്കം വരുമ്പോഴും, അസ്വസ്ഥതകളും ഭയവും വരുമ്പോഴും ഒരാശ്വാസത്തിനായാണ് കുട്ടികൾ വിരൽ കുടിക്കുന്നത്. ശൈശവ കാലത്ത് തുടങ്ങുന്ന ഈ ശീലം മൂന്ന് വയസ്സായിട്ടും തുടരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
വിരൽ കുടി അധികമാകുന്ന കുഞ്ഞുങ്ങളിൽ പലതരത്തിലുള്ള ദന്ത പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. കൂടാതെ ചില കുട്ടികളിൽ സംഭാഷണ പ്രശ്നങ്ങളും കാണാറുണ്ട്. കുഞ്ഞുങ്ങളിലെ വിരൽകുടി മാറ്റാൻ ചില പോംവഴികൾ പരീക്ഷിച്ചാലോ?
അച്ഛനും അമ്മയ്ക്കും മാത്രമെ കുട്ടികളിലെ ഈ ശീലം മാറ്റിയെടുക്കാൻ കഴിയുകയുള്ളു. സ്നേഹത്തോടെ വിരൽകുടിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്താം. ഒരിക്കലും ദേഷ്യത്തോടെ കുട്ടികളുമായി ഇടപഴകരുത്.
വിപണിയിൽ ലഭ്യമായ പെസിഫയറുകൾ ഒഴിവാക്കി അതിനു പകരമായി ഫ്രൂട്ട് പെസിഫയറുകൾ ശീലമാക്കിയാൽ കുട്ടികളിൽ വിരൽകുടിക്കുന്ന ശീലം മാറുമെന്ന് മാത്രമല്ല അവർക്ക് ആവശ്യമായ വിറ്റമിനുകൾ ഫ്രൂട്ടസിൽ നിന്ന് ലഭിക്കുകയും ചെയ്യും.
ചെറുനാരങ്ങാ നീരോ, വേപ്പെണ്ണയോ കയ്യിൽ പുരട്ടിയാൽ അതിന്റെ കയ്പ്പ് മൂലം കുട്ടി വിരൽ കുടിക്കുന്ന ശീലം പതിയെ ഉപേക്ഷിക്കും.
കുട്ടികൾക്ക് ഇഷ്ടമുള്ള ലോലിപോപ്പോ, ചോക്ളേറ്റൊ, മറ്റ് കളിപ്പാട്ടങ്ങളൊ നൽകി ശ്രദ്ധ തിരിയ്ക്കാം.
നിർബന്ധ ബുദ്ധിയോടെ കുട്ടികളെ സമീപിക്കരുത്. മാതാപിതാക്കൾ കൂടുതൽ സമയം അവരോടൊപ്പം ചെലവഴിച്ചാൽ തന്നെ കുട്ടികളുടെ മിക്ക പ്രശ്നങ്ങൾക്കും സ്വഭാവ രൂപീകരണത്തിനും നല്ലതാണ്.