poonthura

തിരുവനന്തപുരം: സൂപ്പർ സ്പ്രെഡിന്‍റെ പശ്‌ചാതലത്തിൽ പൂന്തുറയിൽ ദ്രുതകർമ്മ സേനയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. പൂന്തുറ, മാണിക്ക്യവിളാകം, പുത്തൻപള്ളി എന്നീ ക്രിട്ടിക്കൽ കണ്ടെയിൻമെന്‍റ് സോണുകളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് ദ്രുതകർമ്മ സേനയുടെ ടീം രൂപീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ, പൊലീസ്, ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് കൊവിഡ് ദ്രുതകർമ്മ സേന. ക്രമസമാധാനം പൊലീസ് ഉറപ്പ് വരുത്തും. മരുന്നുകൾ, പരിശോധന സംവിധാനങ്ങൾ, ഭക്ഷ്യവസ്തുക്കളുടെ ലഭ്യത, പരിശോധന സംവിധാനം എല്ലായിടത്തും എത്തിക്കുകയാണ് ലക്ഷ്യം. ഇവയുടെ എല്ലാം ഏകോപന ചുതമല ദ്രുതകർമ്മ സേനയ്ക്ക് ആയിരിക്കും.

ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളായതിനാൽ നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ തെരുവിലിറങ്ങുന്നത് കർശനമായി നിയന്ത്രിക്കും. നിയന്ത്രണങ്ങൾക്കൊപ്പം തന്നെ പ്രദേശത്ത് ആന്‍റിജൻ പരിശോധനയും വ്യാപിപ്പിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാതലത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തിയാണ് ആരോഗ്യവകുപ്പ് പൂന്തുറയേയും സമീപ പ്രദേശങ്ങളെയും നോക്കി കാണുന്നത്. ഇന്നലെയുണ്ടായ സംഘർഷത്തിന്‍റെയും കൂടി പശ്ചാതലത്തിൽ അതീവ ജാഗ്രതയിലാണ് സംസ്ഥാന സർക്കാർ.