ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പഠിക്കുമ്പോഴാണ് അഭിനയം തുടങ്ങുന്നത്. ഡിഗ്രി മൂന്നാംവർഷം സിലബസിലുണ്ടായിരുന്ന നാടകങ്ങളുടെ ചെറുഭാഗങ്ങൾ ക്ലാസ് റൂമിൽ അവതരിപ്പിച്ചായിരുന്നു തുടക്കം.
ടീച്ചേഴ്സിന്റെ കൈയടിയാണ് അഭിനയിക്കാനുള്ള ആത്മവിശ്വാസം തന്നത്.സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹിച്ച് തന്നെ സിനിമയിൽ വന്നയാളാണ് . കോളേജിലെ നാടകങ്ങൾ ചെയ്തശേഷം കുറേ ഷോർട്ട് ഫിലിമുകളും ആഡ് ഫിലിമുകളും ചെയ്തു. ഒരുപാട് ഓഡിഷനുകൾക്കും പോയിട്ടുണ്ട്. തേർഡ് വേൾഡ് ബോയ്സ് എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്.
സൗബിൻ ചേട്ടനായിരുന്നു നായകൻ. എന്നാൽ ആ സിനിമ റിലീസായില്ല. പിന്നെ നാം എന്ന കാമ്പസ് സിനിമ. നായികയായി അഭിനയിച്ച സിനിമകളിൽ ആദ്യം റിലീസായത് അലമാരയാണ്.ഒരു പെൺകുട്ടിക്ക് ആത്മവിശ്വാസം തരുന്ന ഘടകങ്ങളിലൊന്നാണ് സൗന്ദര്യം. പക്ഷേ,അമിതമായി മേക്കപ്പ് ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന ആളല്ല .
മേക്കപ്പിന്റെ സൗന്ദര്യത്തെക്കാൾ യഥാർത്ഥ സൗന്ദര്യത്തിനാണ് ഭംഗിയെന്ന് വിശ്വസിക്കുന്നു.ശോഭന മാമിന്റെ വലിയ ഫാനാണ് . ഹെവി മേക്കപ്പില്ലാതെ സിംപിൾ കോസ്റ്റ്യൂമിൽ പോലും എന്ത് ഭംഗിയാണ് അവരെ കാണാൻ. മീരാ ജാസ്മിനുമുണ്ടെന്ന് തോന്നിയിട്ടുണ്ട് അത്രയും ഭംഗി.
ഏത് ഗ്രൂപ്പുമായും പൊരുത്തപ്പെട്ട് പോകാൻ കഴിയാറുണ്ട്. അതാണ് എനിക്ക് ആത്മവിശ്വാസം പകരുന്നത്.ആരോടും അങ്ങോട്ട് ഇടിച്ചുകയറി സംസാരിക്കാത്തതാണ് നെഗറ്റീവെന്ന് തോന്നുന്നു. പക്ഷേ നല്ല കേൾവിക്കാരിയാണ്. സിനിമാ നടിയെന്നോ, ആണെന്നോ, പെണ്ണെന്നോ ഉള്ള വേർതിരിവുകളൊന്നും ഇഷ്ടമല്ല . ഏത് ഫീൽഡിലാണെങ്കിലും എല്ലാവരും മോശക്കാരാകണമെന്നില്ല. നമ്മുടെപെരുമാറ്റം മറ്റുള്ളവരോട് എങ്ങനെയാണോ അതായിരിക്കും നമുക്ക് മറ്റുള്ളവരിൽ നിന്ന് തിരിച്ചും കിട്ടുന്നത്. നല്ലത് മാത്രം ചെയ്താൽ നമുക്ക് നല്ലത് മാത്രം കിട്ടും. എപ്പോഴും പോസിറ്റീവായിരിക്കുകയെന്നത് തന്നെയാണ് ആത്മവിശ്വാസം നേടാനുള്ള ആദ്യവഴി.
സിനിമ തന്നെയായിരുന്നു ഏറ്റവും വലിയ സ്വപ്നം. നല്ല ടീമിനൊപ്പം നല്ല സിനിമകൾ ചെയ്യണമെന്നാണ് ഇപ്പോഴെന്റെ സ്വപ്നം.
മോഹിച്ച രംഗത്ത് എത്തപ്പെടാൻ കഴിയുന്നതുതന്നെ സ്വപ്നം പോലെ സുന്ദരമാണ്.
ഒന്നും പ്ലാൻ ചെയ്യാത്തയാളാണ് ഞാൻ. ആഗ്രഹങ്ങളും പ്രതീക്ഷകളുമുണ്ട്. പക്ഷേ അതിന്റെ പിന്നാലെ പോകാറില്ല. ആഗ്രഹിച്ചിട്ട് നടന്നില്ലെങ്കിൽ വിഷമമാവും. സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കുന്നതും ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിനെന്ന ഗീതാവചനത്തിൽ വിശ്വസിക്കുന്നു. സിനിമയും കുടുംബവുമാണ് എപ്പോഴും ആവേശവും ഉത്സാഹവും തരുന്നത്.
ഏറ്റവും നന്ദിയും കടപ്പാടും കുടുംബത്തോട് തന്നെ. അച്ഛൻ രവി സൗദി എയർലൈൻസിൽ നിന്ന് റിട്ടയർ ചെയ്തു. അമ്മ ഗീത വീട്ടമ്മയാണ്. ചേച്ചി രാഖി വിവാഹിതയാണ്. രണ്ട് കുട്ടികളുണ്ട്. മ്യൂസിക് ടീച്ചറായിരുന്നു . ചേട്ടൻ രാജേഷ്. കുടുംബത്തിൽ എല്ലാവർക്കും അല്പം സംഗീതവാസനയുണ്ട്. എനിക്കൊഴിച്ച്!കരിയറിൽ തന്നെയാണ് ഫോക്കസ്. സിനിമയിൽ അഭിനയത്തിന് പുറമേ മറ്റ് ചില ആഗ്രഹങ്ങൾ കൂടിയുണ്ട്. ഒരു ഫിലിം പ്രൊഡക്ഷൻ കമ്പനി തുടങ്ങണമെന്നതാണ് അതിലൊന്ന്.എന്റെ പേരിൽ ഒരു സിനിമാ നിർമ്മാണകമ്പനി. ഓർക്കാൻ തന്നെ എന്തു രസമാണ്.ഞാനൊരു തനി തൃശൂരുകാരിയാണ്.തൃശൂർ പുതുക്കാടാണ് വീട്. വീട്ടിലെ ഏറ്റവും ഇളയകുട്ടിയായതുകൊണ്ട് സ്വാതന്ത്ര്യവും ലാളനയും ഒപ്പം ശാസനയും അനുഭവിച്ച് തന്നെയാണ് വളർന്നത്.കുട്ടിക്കാലത്ത് ഞാനെന്ത് ആവശ്യപ്പെട്ടാലും അച്ഛനും അമ്മയും ഉടനേ യൊന്നും വാങ്ങിത്തരുമായിരുന്നില്ല. അതിന്റെ മൂല്യം ശരിക്കും ബോദ്ധ്യപ്പെടുത്തി തരും. അതിന് ശേഷമാണ് വാങ്ങിത്തരുന്നത്. ഒന്നും എളുപ്പം കിട്ടില്ലെന്ന പാഠം എന്നെ പഠിപ്പിക്കുകയായിരുന്നു അവർ. ഓരോ കഥാപാത്രവും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണമെന്നും വ്യത്യസ്തമായി അവതരിപ്പിക്കണമെന്നും ആഗ്രഹിക്കുന്നു.
ഒരു കുട്ടനാടൻ മാർപാപ്പയിൽ ഞാനൊരു 'തേപ്പുകാരി'യായിരുന്നു. യഥാർത്ഥ ജീവിതത്തിൽ അനുഭവിക്കാത്ത ചിലത് അഭിനയിക്കുന്നത് രസമാണ്. വെറുതേ പാട്ടും പാടി നടക്കുന്ന നായികമാരെക്കാൾ വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ ശ്രമിക്കുന്നതാണ് എന്റെ ഇന്നവേഷൻ.
പ്രണയിച്ചിട്ടില്ലെന്ന് പറഞ്ഞാൽ അത് കള്ളമായിരിക്കും. ഞാനും പ്രണയിച്ചിട്ടുണ്ട്. കോളേജിൽ പഠിച്ചിരുന്ന കാലത്തായിരുന്നു അത്. ആ പ്രണയം സഫലമാകാതെ പോയി.സിനിമയിൽ വന്നശേഷം പലരും പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ട്. പക്ഷേ പ്രണയം തത്കാലം വേണ്ടെന്ന തീരുമാനത്തിലാണ് . ആദ്യം ഞാനൊന്ന് നേരെ നിൽക്കട്ടെ.ഇനി പ്രണയിച്ചാൽ പ്രണയിക്കുന്ന ആളിനെ തന്നെ വിവാഹം കഴിക്കണം. അങ്ങനെയൊരാൾ വരുമായിരിക്കും.
സിനിമാരംഗം മോശമാണെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും നല്ലതും ചീത്തയുമുണ്ട്. നിങ്ങളുടെ ശത്രുവും മിത്രവും നിങ്ങൾ തന്നെയാണ്.സിനിമാരംഗത്തെ മാത്രം സദാചാരക്കണ്ണടവച്ച് നോക്കേണ്ട കാര്യമൊന്നുമില്ല. എല്ലാവരും ജോലി ചെയ്യാൻ തന്നെയാണ് ഇവിടെ വരുന്നത്.